കോഴിക്കോട്: വിഷു-ഇൗസ്റ്റർ-റമദാൻ സീസണുകൾ കൊവിഡ് കീഴടക്കിയതോടെ തകർന്നതാണ് മൺപാത്ര നിർമ്മാണ മേഖല. ഓണം പടിവാതിൽക്കൽ എത്തിയിട്ടും ഇവർക്ക് പ്രതീക്ഷയില്ല. ആയിരക്കണക്കിന് മൺപാത്രങ്ങളാണ് വിൽക്കാൻ കഴിയാതെ നൂറോളം വീടുകളിലുള്ളത്.
ഓണത്തിനാണ് കളിമൺ പാത്രം ഏറ്റവുമധികം വിറ്റു പോകുക. ഇക്കാലത്ത് പുതിയ കലം വാങ്ങി കറി വെയ്ക്കുന്ന രീതിയുമുണ്ട്. പക്ഷേ ഇത്തവണ അതുണ്ടായില്ല. വിൽപ്പന കുത്തനെ കുറഞ്ഞതോടെ പരമ്പരാഗത തൊഴിലാളികൾ പട്ടിണിയിലായിട്ടുണ്ട്. ലോണെടുത്ത് വരെ വാങ്ങിച്ച കളിമണ്ണുപയോഗിച്ച് കഴിഞ്ഞ മാസങ്ങളിൽ പാത്ര നിർമാണത്തിൽ വ്യാപൃതരായിരുന്നു ഇവർ. ഈ സീസണിൽ പതിനായിരക്കണക്കിന് രൂപയുടെ മൺപാത്രങ്ങൾ വിറ്റുപോകാറുണ്ട്. മാർച്ച് അവസാനത്തിലാണ് ഇവ വിവിധ പ്രദേശങ്ങളിലെ കടകളിലേക്ക് കയറ്റി അയക്കാറുള്ളത്. ലോക്ക്ഡൗൺ കാരണം കടകൾ തുറക്കാത്തതിനാൽ ഇത്തവണ കയറ്റി അയക്കാനായില്ല. പലരും വീടുകളിൽ കയറിയിറങ്ങിയാണ് പാത്രങ്ങളുടെ വില്പന നടത്തിയിരുന്നത്. ഇതും നിലച്ചു.
യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ പാതയോരങ്ങളിലെ വിൽപനയും കുറഞ്ഞു. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ചക്കാലൻകുന്ന്, വെള്ളലശ്ശേരി സങ്കേതം ഭാഗങ്ങളിൽ കളിമൺപാത്രം നിർമിച്ച് വിൽക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. ഇത്തവണ ആയിരക്കണക്കിന് കളിമൺ പാത്രങ്ങൾ ഷെഡ്ഡിൽ നിറഞ്ഞുകിടക്കുകയാണ്. ശേഷിക്കുന്ന പാത്രങ്ങൾ പൊളിക്കാത്ത ചൂളയിൽ വെച്ചു. കളിമണ്ണ് ക്ഷാമം കാരണം നേരത്തെ തന്നെ നിർമാണമേഖല പ്രതിസന്ധിയിലാണ്. ചൂളക്ക് ഉപയോഗിക്കുന്ന വൈക്കോൽപോലും കിട്ടാനില്ല. ജനങ്ങൾ കളിമൺ പാത്രത്തോട് താത്പര്യം കാട്ടുന്നതാണ് ഏക ആശ്വാസം. എന്നാൽ കൊവിഡ് പ്രതീക്ഷകളെല്ലാം താളം തെറ്റിച്ചു.
പ്രതിസന്ധികൾ
ഓണ വിപണി തകർന്നു
സ്ഥിരം വരുമാനം നിലച്ചു
പരമ്പരാഗത തൊഴിലാളികൾക്ക് മറ്റ് ജോലി അറിയില്ല