കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം. ജില്ലാ പഞ്ചായത്ത് ഐ.എസ്.ഒ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഭിമാനാർഹമായ വികസന മുന്നേറ്റമാണ് നടന്നുവരുന്നതെന്ന് മന്ത്രി പറഞ്ഞു. കാർഷികം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും വികസനനേട്ടം എത്തിക്കാൻ സാധിച്ചു. ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സെക്രട്ടറി വി. ബാബു എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പൊതുസേവനങ്ങൾ നൽകുന്നതിലെ ഗുണമേന്മയ്ക്ക് നൽകുന്ന അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ 90012015 പുരസ്‌കാരമാണ് ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കിയത്. കിലയുടെ നേതൃത്വത്തിലാണ് സേവന ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനം നടത്തിയത്.
കഴിഞ്ഞ ആറ് മാസമായി നടന്നുവരുന്ന ഗുണമേന്മ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര ഏജൻസിയായ ടാറ്റ ക്വാളിറ്റി സർവീസസ് രണ്ട് ഘട്ടങ്ങളിലായാണ് പരിശോധിച്ചത്. റെക്കോർഡ് സംവിധാനം കൃത്യമാക്കുക, ഫ്രണ്ട് ഓഫീസിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, ഓഫീസ് മാനേജ്‌മെന്റ് സംവിധാനം കൃത്യമാക്കുക, സേവന ഗുണമേന്മ ഉറപ്പുവരുത്തുക എന്നീ കാര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. ഇതോടെ ജില്ലാ പഞ്ചായത്ത് ഭരണനേട്ടങ്ങളിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്ഥിരം സമിതിയംഗം മുക്കം മുഹമ്മദ്, സീനിയർ സൂപ്രണ്ട് അബ്ദുൾ നാസർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.