പുത്തുമല: വീട് നിർമ്മാണം മാർച്ചിനകം പൂർത്തിയാക്കും
കൽപ്പറ്റ: പുത്തുമലയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭവന നിർമ്മാണ പദ്ധതി മാർച്ച് മാസത്തോടെ പൂർത്തീകരിക്കുമെന്ന് റവന്യുഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. 2018 ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കണിയാമ്പറ്റ പഞ്ചായത്തിലെ ചിത്രമൂലയിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ സുസ്മിതം ഫ്ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോൽദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുഴയോരങ്ങളിലും ഇടുങ്ങിയ പ്രദേശങ്ങളിലും കൂരവെച്ച് താമസിക്കുന്നവരുടെ ദുരവസ്ഥ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. വയനാട് ജില്ലയിൽ ഇത്തരക്കാരെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി ലഭ്യമാകാത്ത അവസ്ഥയുണ്ട്. വനഭൂമി, ആദിവാസി ഭൂമി, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങൾ തുടങ്ങി ഭവന നിർമ്മാണ പദ്ധതികൾക്ക് അനുയോജ്യമല്ലാത്ത ഭൂമിയാണ് ജില്ലയിൽ അധികവും. 14 സെന്റ് സ്ഥലം സൗജന്യമായി നൽകിയ വിൽസൺ മണ്ണാപറമ്പിലിനെ മന്ത്രി അഭിനന്ദിച്ചു.
വൈത്തിരി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ പുറമ്പോക്കിൽ താമസിക്കുന്ന 10 കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിക്കുന്നത്. സ്വന്തമായി ഭൂമിയില്ലാതെ പുഴ പുറമ്പോക്കിൽ പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ് താമസിച്ചിരുന്ന, ഓരോ വർഷക്കാലത്തും ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരുന്ന കുടുംബങ്ങളാണിത്.
10 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ജില്ലാ നിർമ്മിതി കേന്ദ്രമാണ് പൂർത്തീകരിച്ചത്. 5150 ചതുരശ്ര അടി വിസതൃതിയിൽ. രണ്ട് കിടപ്പ് മുറികൾ, ഹാൾ, കിച്ചൺ, ടോയ്‌ലറ്റ്, വരാന്ത തുടങ്ങിയ സൗകര്യങ്ങളുണ്ട്.
കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടന്ന പരിപാടിയിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള, സബ് കലക്ടർ വികൽപ് ഭരദ്വാജ്, അസി. കലക്ടർ ഡോ. ബൽപ്രീത് സിങ്, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. കണിയാമ്പറ്റ വില്ലേജ് ജീവനക്കാരുടെ വകയായുള്ള ഓണക്കോടി വിതരണം ജില്ലാ കലക്ടർ, സബ് കലക്ടർ, അസി. കലക്ടർ എന്നിവർ നിർവ്വഹിച്ചു.