കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

കൽപ്പറ്റ: ജില്ലയിലേക്ക് പ്രവേശിക്കാവുന്ന എല്ലാ റോഡുകളിലൂടെയും വ്യക്തികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുളള അറിയിച്ചു. അന്തർ സംസ്ഥാന യാത്രകൾക്ക് യാതൊരു വിധ നിയന്ത്രണവും ഏർപ്പെടുത്തരുതെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.

യാത്രക്കാർ കൊവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് മാത്രമം പൊലിസ് പരിശോധിക്കേണ്ടതുള്ളൂ. മറ്റ് തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാക്കാൻ പാടില്ല.
ഇത്തരത്തിൽ ജില്ലയിലേക്ക് എത്തുന്നവർ ക്വാറന്റീനിൽ പോവേണ്ടതാണെങ്കിൽ അത്തരക്കാരെ അതത് ഗ്രാമപഞ്ചായത്ത്, മെഡിക്കൽ ഓഫിസർ എന്നിവർ ബന്ധപ്പെടേണ്ടതും ക്വാറന്റീൻ ഉറപ്പുവരുത്തേണ്ടതുമാണ്.

നിലവിൽ മുത്തങ്ങയിലുള്ള ഫെസിലിറ്റേഷൻ സെന്ററിൽ ചരക്കു വാഹനങ്ങളെ തടയാനോ പാസ് ആവശ്യപ്പെടാനോ പാടില്ലെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

മുത്തങ്ങ ഫെസിലിറ്റേഷൻ സെന്ററിലേക്ക് ആവശ്യമെങ്കിൽ ആമ്പുലൻസ് ഓൺ കോളിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് അനുവദിക്കും.

മാനന്തവാടി താലൂക്കിലെ ബാവലി, കുട്ട എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് സജ്ജമാക്കണം. ഇതിനായി ജില്ലാ നിർമ്മിതി കേന്ദ്ര ആവശ്യമായ കെട്ടിടം പണിത് നല്കണം. കുട്ട, ബാവലി എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന ടെസ്റ്റിംഗ് സ്ഥലത്ത് ആവശ്യമായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ മെഡിക്കൽ ഓഫിസർ നിയമിക്കണം. എന്നാൽ ഇത്തരത്തിൽ കടന്ന് വരുന്ന യാത്രക്കാരിൽ രോഗ ലക്ഷണങ്ങൾ ഉള്ളവരെ മാത്രം ടെസ്റ്റ് ചെയ്യും.

നീലഗിരി ജില്ലയിൽ നിന്ന് എത്തുന്നവർക്ക് രോഗലക്ഷണം ഉണ്ടെങ്കിൽ അവരെ മുത്തങ്ങ ഫെസിലേറ്റേഷൻ സെന്ററിലേക്ക് അയയ്ക്കണം. ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.