ppp
ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിൽ പൂക്കളം ഒരുക്കുന്ന സുമതിയും ഭർത്താവ് ഭാസ്കരനും കൊച്ചുമക്കളായ അഭിമന്യുവും അമർനാഥും

കോഴിക്കോട്: പുത്തൻ വീട്ടിൽ പൊന്നോണത്തെ വരവേൽക്കുകയാണ് സുമതിയും കുടുംബവും. തൊടിയിലെ ചെമ്പരുത്തിയും തുമ്പയുംകൊണ്ട് അവർ വീടിന്റെ കോലായിൽ പൂക്കളമൊരുക്കി. കൊവിഡ് കാലമായതിനാൽ വലിയ പൂക്കളവും ആഘോഷവും ഇല്ലെങ്കിലും സ്വന്തമായി അടച്ചുറപ്പുള്ള വീട്ടിൽ ഓണം കൂടാനാകുന്നതിന്റെ സന്തോഷത്തിലാണ് സുമതി.

ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചതോടെ വാടക കൊടുക്കാതെ ജീവിക്കാമല്ലോയെന്ന ആശ്വാസത്തിലാണവർ. സർക്കാർ നൽകിയ നാല് ലക്ഷത്തിനൊപ്പം കുറച്ച് സമ്പാദ്യവും ബാങ്ക് വായ്പയും എടുത്താണ് വീടുപണി പൂർത്തിയാക്കിയതെന്ന് സുമതി പറഞ്ഞു. ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ പത്താം മൈലിലാണ് സുമതിയും കുടുംബവും താമസിക്കുന്നത്. ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് ഇവർക്ക് വീട് ലഭിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ മകൻ ബെനീഷിന്റെ വരുമാനത്തിലാണ് കുടുംബം ജീവിക്കുന്നത്. ഭർത്താവ് ഭാസ്‌കരൻ, മകന്റെ ഭാര്യ അനുഷ, കൊച്ചുമക്കളായ അഭിമന്യു, അമർനാഥ് എന്നിവരാണ് ലൈഫിന്റെ തണലിൽ താമസിക്കുക. 400 സ്‌ക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. രണ്ട് കിടപ്പ് മുറികൾ, അടുക്കള, ബാത്ത് റൂം, ഹാൾ, സിറ്റ്ഔട്ട് എന്നീ സൗകര്യങ്ങളടങ്ങിയതാണ് പുതിയ വീട്.