കുറ്റ്യാടി: മാനന്തവാടി-കല്ലോടി-കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസിനായി ആവശ്യം ശക്തം. നേരത്തെ ഓടിയിരുന്ന ഏക ബസും സർവീസ് നിർത്തിയതോടെയാണ് പ്രതിഷേധം കനക്കുന്നത്. കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി-മൈസൂർ റൂട്ടിലും, മാനന്തവാടി-കല്ലോടി-കുറ്റ്യാടി കോഴിക്കോട് റൂട്ടിലും സർവീസ് തുടങ്ങാൻ ആവശ്യപ്പെട്ട് ദേശീയ പാതാ കോ ഓർഡിനേഷൻ കമ്മിറ്റി രംഗത്തെത്തി. മുഖ്യമന്ത്രിക്കും ജനപ്രതിനിധികൾക്കും നിവേദനം നൽകാനാണ് തീരുമാനം.
മാനന്തവാടി-കല്ലോടി-നിരവിൽപ്പുഴ റോഡ് നവീകരണം പൂർത്തിയായിരുന്നു. അടുത്ത മാസത്തോടെ മാനന്തവാടി-കോഴിക്കോട്ട് റൂട്ടിൽ കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പഴയതു പോലെയാകും. അതോടൊപ്പം കല്ലോടി-കുറ്റ്യാടി വഴി കോഴിക്കോടേയ്ക്കും കോഴിക്കോടു നിന്ന് കുറ്റ്യാടി- മാനന്തവാടി വഴി മൈസൂരിലേക്കും സർവീസുകൾ ആരംഭിക്കണമെന്നാണ് ആവശ്യം.
മൈസൂരിൽ നിന്നും ബത്തേരി-പനമരം-നാലാംമൈൽ വഴി വടകരയ്ക്കുള്ള സർവീസിന് മാനന്തവാടിയിൽ സ്റ്റോപ്പ് അനുവദിക്കുകയും കോഴിക്കോടേയ്ക്ക് നീട്ടണമെന്നും ആവശ്യമുണ്ട്. ദൂരം, രാത്രി കാല യാത്രാ നിരോധനം, ചുരത്തിലെ ഗതാഗത കുരുക്ക് എന്നിവയ്ക്കെല്ലാം ബദൽ സാദ്ധ്യതയാണ് ഇതോടെ യാത്രക്കാർക്ക് ഉണ്ടാകുക. യോഗത്തിൽ കെ.എ ആന്റണി അദ്ധ്യക്ഷത വഹിച്ചു. കെ. ഉസ്മാൻ, ഫാ. ബിനു കടുത്തലക്കുന്നേൽ, കെ.എം സിനോജ്, സിറിയക് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.