നാല് പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ
കോഴിക്കോട്: കൊവിഡ് രോഗികൾ കൂടിയ സാഹചര്യത്തിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായ കോർപ്പറേഷനിലെ മുഖദാറിൽ നിയന്ത്രണങ്ങൾ കർശനമാക്കി.
കൊവിഡ് ബാധിത പ്രദേശമായ വാർഡിലെ നൈനാംവളപ്പ്, അറക്കൽ തൊടിക, മരക്കാർ കടവ് പറമ്പ്, സി.എൻ പടന്ന എന്നിവിടങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി. വരുന്ന ഏഴ് ദിവസത്തേക്ക് ഈ പ്രദേശങ്ങളിൽ നിന്ന് പുറത്തേക്ക് പോവാനോ വാർഡിലേക്ക് പ്രവേശിക്കാനോ പാടില്ല. വാർഡിലെ ഇൻസിഡന്റ് കമാൻഡർ അസിസ്റ്റന്റ് കളക്ടർ ശ്രീധന്യാ സുരേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സമ്പർക്ക സാധ്യതയുള്ളതും രോഗലക്ഷണവുമുള്ള മുഴുവൻ ആളുകൾക്കും അടിയന്തരമായി കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചു. ഗർഭിണികൾ, അസുഖബാധിതർ, പ്രായമായവർ എന്നിവർക്ക് അടിയന്തരഘട്ടങ്ങളിൽ സഹായമാവശ്യമായി വന്നാൽ കെ.എസ്.ആർ.ടി.സി സേവനം സജ്ജമാക്കിയിട്ടുണ്ട്. പലചരക്ക് കടകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കും. അവശ്യ വസ്തുക്കൾ എത്തിക്കാൻ ആർ.ആർ.ടി ടീമിന്റെ സേവനം ലഭ്യമാണ്. പൊലീസ്, ഫയർഫോഴ്‌സ്, ആരോഗ്യ വകുപ്പ് എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.