കോഴിക്കോട് : ഓണത്തിരക്ക് പരിഗണിച്ച് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളൊഴികെയുളള സ്ഥലങ്ങളിൽ പുതിയ ക്രമീകരണം വന്നു.പേരാമ്പ്ര 5, 15 വാർഡുകളിലും മത്സ്യമാർക്കറ്റ് പ്രദേശത്തും പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ച് ജില്ലാ കളക്ടർ സാംബശിവറാവു ഉത്തരവിറക്കി. പ്രദേശത്ത് ക്രമസമാധാന നില മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി. എന്നാൽ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ പേരാമ്പ്ര മത്സ്യമാർക്കറ്റ് അടച്ചിടും.
# കച്ചവട സ്ഥാപനങ്ങൾ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിപ്പിക്കാം.
# ഹോട്ടലുകളിലും റസ്റ്റോറന്ററുകളിലും സാമൂഹിക അകലം പാലിച്ച് ഭക്ഷണം ഇരുന്ന് കഴിക്കാം. പ്രവർത്തന സമയം രാത്രി ഒമ്പത് മണി വരെ.
# ലോഡ്ജിംഗ് സൗകര്യമുളള ഹോട്ടലുകളിൽ മുറി അനുവദിക്കുന്നതിന് മുമ്പും ശേഷവും അണുവിമുക്തമാക്കണം
# മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, മറ്റ് ഷോപ്പുകൾ എന്നിവയിൽ തിരക്ക് നിയന്ത്രിക്കണം. ഉപഭോക്താവ് കടക്കകത്ത് ചെലവഴിക്കുന്ന സമയം ക്രമീകരിക്കണം.
# ഓണം മേളകളോ പ്രദർശനങ്ങളോ അനുവദിക്കില്ല.