വടകര: മേഖലയിലെ പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഒഞ്ചിയം, ഏറാമല, അഴിയൂർ, തിരുവള്ളൂർ, വില്യാപ്പള്ളി, വടകര നഗരസഭ എന്നിവിടങ്ങളിൽ സമ്പർക്ക രോഗികൾ കൂടുകയാണ്. അഴിയൂർ ഗ്രാമപഞ്ചായത്തിൽ 14ാം വാർഡ് ആവിക്കരയിൽ പൊലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് മുഴുവനായും ഭാഗിക കണ്ടെയ്ൻമെന്റ് സോണിലാണ്. ഏറാമല പഞ്ചായത്തിൽ ഇന്നലെ എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. 25ന് നടന്ന പി.സി.ആർ പരിശോധനയിൽ പഞ്ചായത്തിലെ 5 പേർക്ക് രോഗം കണ്ടെത്തി.ഇന്നലെ തട്ടോളിക്കരയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ പതിനഞ്ചാം വാർഡിലെ സ്ത്രീക്ക് നിരവധി സ്ഥലങ്ങളിൽ സമ്പർക്കമുണ്ടായിട്ടുണ്ട്. ആശുപത്രികൾ, അക്ഷയ കേന്ദ്രം, കടകൾ എന്നിവിടങ്ങളിൽ ഇവരെത്തിയിട്ടുണ്ട്. തിരുവള്ളൂർ പഞ്ചായത്തിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചു. പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വടകര നഗരസഭ, വില്യാപ്പള്ളി എന്നിവിടങ്ങളിൽ മൂന്ന് പേർക്ക് വീതവും ഒഞ്ചിയം പഞ്ചായത്തിൽ 15 പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒഞ്ചിയത്തും വടകരയിലും ഓണത്തിന് കച്ചവട സ്ഥാപനങ്ങളിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കി.