നരിക്കുനി: സർക്കാരിന്റെ പെൻഷൻ വിതരണം അട്ടിമറിച്ചെന്ന് ആരോപിച്ച് മടവൂർ സർവീസ് സഹകരണ ബാങ്ക് ഓണം വിപണിയ്ക്ക് മുന്നിൽ വാർഡ് മെമ്പറുടെ നിരാഹാരം. എ.പി. നസ്തറാണ് പ്രതിഷേധിച്ചത്. ഓണക്കാലത്ത് 2600 രൂപ വീതം രണ്ട് ഘഡുവായി നൽകാനായിരുന്നു ഉത്തരവ്. ആഗസ്റ്റ് 15 നകം ആദ്യ ഘഡുവും ഓണത്തിന് മുൻപ് രണ്ടാം ഘഡുവും സഹകരണ ബാങ്ക് മുഖേന നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം ലഭിച്ചു. എന്നാൽ മടവൂർ ബാങ്കിന് വീഴ്ച്ചയുണ്ടായി. ചില വാർഡുകളിൽ ബാങ്ക് പ്രസിഡന്റടക്കം പെൻഷൻ വിതരണം ചെയ്തെങ്കിലും മറ്റ് വാർഡുകളിൽ മുടക്കി. ഇതാണ് പ്രതിഷേധ കാരണം. പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം ജൂനിയർ സൂപ്രണ്ട് സൂരജ് ബാങ്ക് സെക്രട്ടറിയുമായും പ്രസിഡന്റുമായും ചർച്ച നടത്തി. 24 മണിക്കൂറിനകം പെൻഷൻ വിതരണം പൂർത്തിയാക്കാമെന്നും സഹകരണ വിപണിയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പ്രയാസപ്പെട്ടവർക്ക് 100 ടോക്കൺ നൽകാമെന്നും രേഖാമൂലം എഴുതി നൽകിയ ശേഷം സമരം അവസാനിപ്പിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി, എം. ത്രിവിക്രമൻ, ബ്രാഞ്ച് സെക്രട്ടറി മോഹനൻ എന്നിവർ പങ്കെടുത്തു. കെ.പി. ശ്രീധരൻ നാരങ്ങാനീര് നൽകി.