കോഴിക്കോട്: ഉരുൾപൊട്ടലിന്റെയും പ്രളയത്തിന്റെയും ഭീഷണിയിൽ നിന്നും അടുപ്പിൽ കോളനിക്കാർക്ക് മോചനമാകുന്നു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വാണിമേൽ പഞ്ചായത്തിലെ 64 ആദിവാസി കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഇവർക്കായി വീട് നിർമ്മിക്കാനായി പരിഗണിക്കുന്ന സ്ഥലം ഇ.കെ. വിജയൻ എം.എൽ.എ, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.
ഒരു കുടുംബത്തിന് സ്ഥലവും വീടും ഒരുക്കാനായി 10 ലക്ഷം രൂപ വീതം ചെലവഴിക്കും. കുടിവെള്ള പദ്ധതി, സാംസ്‌കാരിക നിലയം, വായനശാല, പ്ലേ ഗ്രൗണ്ട്, ശ്മശാനം എന്നിവയെല്ലാം പുനരധിവാസത്തിന്റെ ഭാഗമായുണ്ടാകും. ഇവർ നിലവിൽ താമസിക്കുന്ന പ്രദേശത്ത് കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ തകർന്നിരുന്നു.
സന്ദർശിച്ച സംഘത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയൻ, അസിസ്റ്റന്റ് കളക്ടർ ശ്രീധന്യ സുരേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.കെ മജീദ്, അഷ്റഫ് കൊറ്റാല, പഞ്ചായത്ത് മെമ്പർമാരായ എൻ.പി. വാസു, കെ.പി. രാജീവൻ, കെ.ടി. ബാബു, തഹസിൽദാർ മോഹനൻ തുടങ്ങിയവരും ഉണ്ടായിരുന്നു. സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കാൻ കളക്ടർ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.