വടകര: ശ്രീനാരായണ ഗുരുദേവന്റെ 166-ാം ജന്മദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ എസ്.എൻ.ഡി.പി യോഗം വടകര യൂണിയന് കീഴിൽ പൂർത്തിയായി. മുഴുവൻ ശാഖകളിലും പതാകദിനം ആചരിച്ചു. ഘോഷയാത്രയും സമൂഹസദ്യയും ഒഴിവാക്കി യൂണിയൻ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇത്തവണ ജയന്തി ആഘോഷം. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് യൂണിയൻ ഓഫീസിൽ യൂണിയൻ ചെയർമാൻ പി.എം.ഹരിദാസൻ മാസ്റ്റർ പതാക ഉയർത്തും. ഓഫീസിലെ ഗുരുമണ്ഡപത്തിൽ കൺവീനർ പി.എം. രവീന്ദ്രൻ ചതയ ജ്യോതി തെളിയിക്കും. തുടർന്ന് ദൈവദശകം പ്രാർത്ഥനാലാപനവും പുഷ്പാർച്ചനയും നടക്കും. ചതയദിന അനുസ്മരണം പി.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഗിന്നസ് വേൾഡ് റിക്കാർഡിലേക്ക് അർഹത നേടിയ തൃശൂരിൽ നടന്ന ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത വടകര യൂണിയനിലെ വിദ്യാർത്ഥിനികൾ നേടിയ സർട്ടിഫിക്കറ്റുകളും എസ്.എൻ.ഡി.പി യോഗവും വടകര യൂണിയനും നൽകുന്ന പാരിതോഷികങ്ങളും വിതരണം ചെയ്യും. ഗവ. ജില്ലാ ആശുപത്രിയിലെ രോഗികൾക്ക് ഉച്ചഭക്ഷണം നൽകും. ചതയദിവസം 110 ശാഖകളിലും പതാക ഉയർത്തും. എല്ലാ ഭവനങ്ങളിലും ഗുരുമന്ദിരങ്ങളിലും പ്രാർത്ഥന നടത്തും. ഗുരു നൽകിയ മാനുഷിക മൂല്യങ്ങളെ പറ്റി കുട്ടികൾക്ക് വീടുകളിൽ മാതാപിതാക്കൾ ഉപദേശങ്ങൾ നൽകും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ജയന്തി ആഘോഷം.