മാനന്തവാടി: കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചുകൊണ്ട് ഇറങ്ങിയ കേന്ദ്രസർക്കാർ വിജ്ഞാപനവും വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനുള്ള കേരള വനംവകുപ്പിന്റെ ശുപാർശയും ഈ വന്യജീവിസങ്കേതങ്ങൾക്ക് സമീപത്തുള്ള ജനങ്ങളെ അവഗണിക്കുന്നതാണെന്ന് ബിഷപ് ജോസ് പൊരുന്നേടത്തിന്റെ അദ്ധ്യക്ഷതയിൽ മാനന്തവാടി രൂപതയിൽ ചേർന്ന വിവിധ രൂപതാതല സംഘടനകളുടെ യോഗം വിലയിരുത്തി.
കടുവകളെക്കുറിച്ചുള്ള വനംവകുപ്പിന്റെ റിപ്പോർട്ടിലാണ് വയനാട് വന്യജീവിസങ്കേതത്തെ കടുവാസങ്കേതമാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യമുള്ളത്. കടുവകളടക്കമുള്ള കാട്ടുമൃഗങ്ങളുടെ ശല്യം മൂലം വയനാട്ടിൽ മനുഷ്യജീവനും വളർത്തുമൃഗങ്ങളുടെ ജീവനും കൃഷിയും എല്ലാം ഭീഷണിയാണ് നേരിടുകയാണ്. മൃഗങ്ങൾ നാട്ടിലേക്കിറങ്ങി മനുഷ്യജീവിതം ദുസ്സഹമാക്കുന്ന വയനാട്ടിൽ കടുവാസങ്കേതം പ്രഖ്യാപിക്കുന്നത് ജില്ലയിൽ മനുഷ്യജീവിതം കൂടുതൽ ദുസ്സഹമാക്കും.
പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതോടെ കൃഷി ചെയ്യുന്നതിനുൾപ്പെടെ അനുവാദം തേടേണ്ട സാഹചര്യമുണ്ടാവും. അടിസ്ഥാനസൗകര്യ വികസനങ്ങൾക്ക് പോലും അനുമതി നിഷേധിക്കപ്പെടും. വികസനം സാദ്ധ്യമല്ലാത്ത ഭൂമിക്ക് വിലകിട്ടാതാവുക കൂടി ചെയ്യുന്നതോടെ പതിനായിരക്കണക്കിന് കർഷകകുടുംബങ്ങൾ വഴിയാധാരമാകും.
കേന്ദ്ര സംസ്ഥാന സർക്കാരുകളും പ്രാദേശികഭരണകൂടങ്ങളും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ബോധവത്കരണത്തിനും പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും അഖിലകേരള കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപതാ ഡയറക്ടർ ഫാ. ആന്റോ മാമ്പള്ളി അദ്ധ്യക്ഷനായി സമിതി രൂപീകരിച്ചു. മാനന്തവാടി രൂപതാ വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, ചാൻസലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ, പി.ആർ.ഓ. ഫാ. ജോസ് കൊച്ചറക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ പാലംപറമ്പിൽ, കെസിവൈഎം. ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, പ്രസിഡന്റ് ബിബിൻ ചമ്പക്കര, മിഷൻ ലീഗ് ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ എന്നിവർ പങ്കെടുത്തു.