വടകര: ജനങ്ങളുടെ കാലങ്ങളായുള്ള മുറവിളി അധികൃതർ ഗൗനിക്കാത്തതോടെ ഈ മഴക്കാലത്തും അഴിയൂരിലെ ഡ്രീംസ് റോഡ് ചെളിക്കുളം തന്നെ. ദേശീയ പാതയിൽ നിന്നും നിർദിഷ്ട ചോമ്പാൽ പൊലീസ് സ്റ്റേഷനും അഴിയൂർ ആരോഗ്യ കേന്ദ്രത്തിനും ഇടയിലാണ് 300 മീറ്റർ ദൂരമുള്ള ഡ്രീംസ് റോഡ്. കാട് നിറഞ്ഞതോടെ കാൽനട പോലും ദുരിതത്തിലായിട്ടുണ്ട്. ഇവിടത്തെ വീട്ടുകാർക്കും കോറോത്ത് ഭാഗത്തുള്ളവർക്കും വടകര ബ്ലോക്ക് ഓഫീസ് ഭാഗത്തേക്ക് പോകാനുള്ള റോഡാണിത്. നിരവധി തവണ പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടിട്ടും നിരാശയാണ് ഫലമെന്ന് നാട്ടുകാർ പറയുന്നു. റോഡ് മെറ്റൽ ചെയ്ത് ടാറിംഗ് നടത്തുന്ന കാര്യം പഞ്ചായത്തിന്റെ പരിഗണനയിൽ ഉണ്ടെന്ന് പ്രസിഡന്റ് വി.പി ജയൻ അറിയിച്ചു. റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എ.ടി ശ്രീധരൻ, താലൂക്ക് വികസനസമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു.