covid-test

സുൽത്താൻ ബത്തേരി: കൊവിഡ് പരിശോധനയ്ക്ക് വിധേയനാകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചയാൾ പരിശോധന ഭയന്നോടിയത് ആരോഗ്യവകുപ്പിനെ വട്ടം കറക്കി. ചീരാൽ സ്വദേശിയായ വയോധികനാണ് ഇന്നലെ ആന്റിജൻ ടെസ്റ്റ് നടന്ന പുത്തൻകുന്നിൽ നിന്ന് ഓടിപ്പോയത്. മണിക്കൂറുകൾക്ക് ശേഷം ആരോഗ്യ വകുപ്പ് ഇയാളെ ചീരാലിലെ വീട്ടിൽ നിന്ന് പൊലീസിന്റെ സഹായത്തോടെ പിടികൂടി എടക്കലിലെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കമുണ്ടായതിനാലാണ് പുത്തൻകുന്നിൽ വെച്ച് നടക്കുന്ന ആന്റിജൻ ടെസ്റ്റിൽ പങ്കെടുക്കാൻ ആരോഗ്യവകുപ്പ് ഇദ്ദേഹത്തോട് നിർദ്ദേശിച്ചത്. പരിശോധനാ കേന്ദ്രത്തിലെത്തിയ ഇയാൾ ആരോഗ്യ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പ് തെരച്ചിൽ ആരംഭിച്ചതോടെ പൊലീസിനെ വെട്ടിച്ച് തിരികെ വീട്ടിലെത്തി.
ആരോഗ്യപ്രവർത്തകരും പൊലീസും ചേർന്ന് വീട്ടിലെത്തി ഇയാളെ പിടികൂടി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെനിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ സമയം കഴിഞ്ഞതിനാൽ പരിശോധന നടത്താനായില്ല. ഇന്ന് ആന്റിജൻ ടെസ്റ്റ് നടത്തും.