മാനന്തവാടി: ജില്ലയിലെ മാതൃക ഹൈടെക് റോഡ് എന്ന് പ്രഖ്യാപിച്ച മാനന്തവാടി കൊയിലേരി കൈതയ്ക്കൽ റോഡ് നിർമ്മാണത്തിന് 45 കോടിയുടെ കരാർ നൽകിയെങ്കിലും വർഷങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്. കാൽനട യാത്ര പോലും ദുഷ്കരമായ നിലയിലാണ് റോഡിന്റെ അവസ്ഥ.
പ്രളയത്തിന്റെ പേരിലാണ് പണിതാമസിപ്പിച്ചിരുന്നത്. എന്നാൽ അനുകൂലമായ കാലാവസ്ഥയിലും നാമമാത്രമായ തൊഴിലാളികളെ വച്ചാണ് പണി നിർവ്വഹിക്കുന്നത്.
ഇല്ലത്ത്വയൽ മുതൽ കൊയിലേരി പാലം വരെയുളള പുഴയോട് ചേർന്നുളള കുടുംബങ്ങൾ ആശങ്കയിലുമാണ്. മഴക്കാലത്ത് വെളളംകയറുന്നത് ഒഴിവാക്കുന്ന വിധം ആവശ്യമായ ഡ്രെയ്നേജും ഫുട്പാത്തും കലുങ്കുകളും നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതൊന്നും നിർമ്മിച്ചിട്ടില്ലെന്ന് ഇവിടത്തുകാർ പറയുന്നു.
2018 നവംബറിൽ ഉദ്ഘാടനം ചെയ്ത ഈ റോഡ് 2019 ഡിസംബറിൽ നിർമ്മാണം പൂർത്തികരിക്കാനായിരുന്നു കരാർ. എന്നാൽ 2 വർഷമാകാറായിട്ടും കാൽഭാഗംപോലും പ്രവർത്തികൾ പൂർത്തികരിച്ചിട്ടില്ല.
റോഡരികിൽ ഇറക്കിയിട്ട കല്ലും മണ്ണും മാത്രമാണ് മാസങ്ങളായി കാണാനുള്ളത്.
പ്രളയവും മറ്റ് തടസ്സങ്ങളും ഇല്ലാതിരുന്നിട്ടും പ്രവർത്തി മുടക്കുന്നത് കരാറെടുത്ത കമ്പനിയുടെയും ഉദ്യോഗസ്ഥൻമാരുടെയും അനാസ്ഥ കാരണമാണെന്നും റോഡ് പണി വേഗത്തിലാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്നും കൊയിലേരി ഉദയ വായനശാല ഭരണസമിതി യോഗം വ്യക്തമാക്കി.
കമ്മന മോഹനൻ അദ്ധ്യക്ഷം വഹിച്ചു. ഷാജി തോമസ്, ലാജി ജോൺ പടിയറ, ഷിബു തോമസ്, ബാബു പി.സി., അശോകൻ കൊയിലേരി, അലക്സ് കൽപ്പകവാടി, സജി.ടി.ടി തുടങ്ങിയവർ പ്രസംഗിച്ചു.