കോഴിക്കോട്: കൊവിഡ് വ്യാപനത്തിനിടയിലും സുരക്ഷാ മാനദണ്ഡം പാലിച്ച്
ദിവസങ്ങൾക്ക് മുമ്പേ തുടങ്ങിയ ഓണ ഒരുക്കങ്ങൾക്ക് പരിസമാപ്തി കുറിച്ച് ഇന്ന് ഉത്രാടപ്പാച്ചിൽ. ആഘോഷ പൊലിമകളില്ലാതെ കരുതലിന്റെ തടങ്കലിലാണ് ഇക്കുറി മലയാളിയുടെ ഒന്നാം ഓണവും തിരുവോണവും.
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം വിപണിയിലും പ്രകടമാണ്. എന്നാൽ ഓഫറുകളും സമ്മാനങ്ങളും നൽകി പ്രതിസന്ധികളെ അതിജീവിക്കുകയാണ് വ്യാപാരികൾ. വസ്ത്രശാലകളിലും ഗൃഹോപകരണ വിപണികളിലും നേരിയ ചലനം ഉണ്ടായിട്ടുണ്ട്.
സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടിയെടുക്കാനുമായി എത്തുന്നവരുടെ തിരക്കും കൂടിയിട്ടുണ്ട്. പാളയത്തെ പച്ചക്കറി-പലവ്യഞ്ജന വിപണികളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വിപണികളിലെ വിലക്കയറ്റം പൊള്ളിക്കുന്നതിനാൽ സാധനങ്ങൾ പലതും അളവ് കുറച്ചാണ് വാങ്ങുന്നത്. പലരുടെ കൈയിലെയും സഞ്ചികളിൽ സാമ്പത്തിക പ്രയാസം നിഴലിക്കുന്നുമുണ്ട്.
അന്യ സംസ്ഥാന പൂക്കൾക്ക് ഏർപ്പെടുത്തിയ വിലക്കിന് അയവ് വന്നതോടെ പൂക്കളുമായി കച്ചവടക്കാർ നിരന്നു കഴിഞ്ഞു. നേരത്തെ പൂക്കൾക്ക് നിയന്ത്റണം ഏർപ്പെടുത്തിയതിനെതിരെ വ്യാപാരികൾ പരാതി ഉന്നയിച്ചതോടെ സർക്കാർ ഇളവ് പ്രഖ്യാപിക്കുകയായിരുന്നു.
മൈസൂർ, ഗുണ്ടൽപേട്ട്, ബംഗളൂരു, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ പ്രധാനമായും എത്തുന്നത്. എന്നാൽ കൊവിഡ് ഭീതിയിൽ ആളുകൾ പൂക്കൾ വാങ്ങാനെത്തുമോയെന്ന ആശങ്ക കച്ചവടക്കാർക്കുണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വ്യാപാരം. ചില സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് മാസ്‌കും ഗ്ലൗസും വരെ സൗജന്യമായി നൽകുന്നു. തിരക്ക് കൂടുമ്പോൾ പുറത്ത് വിശ്രമിക്കാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓണത്തിരക്ക് നിയന്ത്രിക്കാൻ പൊലീസും രംഗത്തുണ്ട്.
ഒളിഞ്ഞും തെളിഞ്ഞും അന്യ നാട്ടിലെ പൂക്കൾ
അന്യ സംസ്ഥാന പൂക്കൾക്ക് വിലക്ക് നീങ്ങിയതോടെ ജമന്തിയും വാടാമല്ലിയും റോസാപ്പൂവും മുല്ലയും പിച്ചിയുമെല്ലാം വിപണിയിൽ ഒളിഞ്ഞും തെളിഞ്ഞും സുഗന്ധം പരത്തി. തമിഴ്നാട്ടിലെ തോവാള, തെങ്കാശി,സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, സാമ്പർവടകരൈ കർണാടകയിലെ ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽ നിന്നാണ് ഓണക്കാലത്ത് കേരളത്തിലേക്ക് പൂക്കളെത്തുന്നത്. നേരത്തേ പൂക്കൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ വ്യാപാരികൾ വ്യാപക പരാതി ഉയർത്തിയിരുന്നു.തുടർന്നാണ് സർക്കാർ ഇളവുകൾ നൽകിയത്.
പൊതു ആഘോഷങ്ങളും ഓഫീസുകളിലെ ഓണാഘോഷങ്ങളും ഒഴിവാക്കിയതും സ്‌കൂളുകളും കോളേജുകളും അടച്ചതും തിരിച്ചടിയായെങ്കിലും വീടുകളും റെസിഡന്റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങൾക്കായി ആവശ്യക്കാരെത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
പാളയത്തും വഴിയോര സ്ഥലങ്ങളിലും ഉന്തുവണ്ടികളിലും പൂ വിൽക്കാനുള്ള ഒരുക്കങ്ങൾ തകൃതിയാണ്. മഞ്ഞ, ചുവപ്പ്, വെള്ള നിറങ്ങളോടെയുള്ള വലുതും ചെറുതുമായ ജമന്തി, വാടാമല്ലി, അരളി,കോഴിപ്പൂ തുടങ്ങിയവയാണ് വിൽപ്പനയ്ക്കായി ധാരാളമെത്തിയിരിക്കുന്നത്.
പൊതുവിൽ പൂവിൽപ്പന തകൃതിയായി നടക്കുന്ന സമയമാണ് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ. എന്നാൽ ഇക്കുറി എല്ലാം തകിടം മറിഞ്ഞു. വിവാഹമുൾപ്പെടെ മറ്റ് പല ചടങ്ങുകൾക്കും ഇത്തവണ പൂക്കളുടെ ഉപയോഗം കുറഞ്ഞു.
അന്യ സംസ്ഥാനങ്ങളിലേക്കുള്ള പൊതു ഗതാഗതം കുറഞ്ഞതിനാൽ
വാഹനങ്ങൾ വാടകയ്‌ക്കെടുത്താണ് പൂക്കൾ എത്തിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെ ഇക്കുറിയും പൂക്കൾക്ക് കൂടിയ വില തന്നെയാണ്. വരും ദിവസങ്ങളിൽ ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്
മഞ്ഞ ജമന്തിയ്ക്ക് 200 മുതൽ 250 രൂപയും വെള്ള ജമന്തിയ്ക്ക് 300 രൂപയുമാണ്. അരളി 300 രൂപ, വാടാമല്ലി -200, മഞ്ഞ ചെട്ടി -100, ഓറഞ്ച് ചെട്ടി -100, റോസ് -300 എന്നിങ്ങനെയാണ് പൂക്കളുടെ വില.
"രണ്ട് ദിവസം ഇളവ് തന്നിട്ടു കാര്യമില്ലാത്ത അവസ്ഥയാണ്. പൂക്കളുണ്ടെങ്കിലും ആളുകൾ വാങ്ങാനെത്തുന്നില്ല" -ജ്യോതിഷ് , അച്ചൂസ് ഫ്ലവർ സ്റ്രാൾ പാളയം