കോഴിക്കോട്: അവസാന ശ്വാസം വരെയും രോഗിയുടെ ജീവൻ രക്ഷിക്കുകയെന്ന സന്ദേശം പ്രാവർത്തികമാക്കി ഡോ. അഖിലേഷ് (46) യാത്രയായി. ഓണക്കാലത്ത് അഞ്ച് പേർക്കായി അവയവങ്ങൾ സമ്മാനിച്ചാണ് മടക്കം. മസ്തിഷ്‌ക മരണം സംഭവിച്ച നിലയിലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിയായ അഖിലേഷിനെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നത്.
ഇദ്ദേഹത്തിന്റെ ഒരു വൃക്ക 57 വയസുള്ള രോഗിയിലേക്ക് മാറ്റിവെച്ചു. വർഷങ്ങളായി ഡയാലിസിസ് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡോ. സുനിൽ ജോർജ് നേതൃത്വം നൽകുന്ന വൃക്കരോഗ വിദഗ്ധർ, ഡോ. പൗലോസ് ചാലിയുടെ യൂറോളജി സംഘം, ഡോ. ജിതിനും ഡോ. ദീപയും അടങ്ങുന്ന അനസ്‌തേഷ്യ സംഘം എന്നിവരുടെ ദീർഘനേരത്തെ പരിശ്രമത്തിലൂടെയാണ് അവയവങ്ങൾ മാറ്റിവെച്ചത്. സർജൻ ഡോ. ശിവകുമാറും, ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള ക്രിട്ടിക്കൽ കെയർ സംഘവും സഹായികളായി. അഖിലേഷിന്റെ രണ്ട് കണ്ണുകൾ കോംട്രസ്റ്റ് ആശുപത്രിയ്ക്കും കരളും ഒരു വൃക്കയും മിംസ് ആശുപത്രിയ്ക്കും കൈമാറി. ഔപചാരിക നടപടികൾ മൃതസഞ്ജീവനിയുമായി ചേർന്ന് ക്ലിനിക്കൽ കോ ഓർഡിനേറ്റർ നിധിൻ രാജും കസ്റ്റമർ റിലേഷൻസ് സംഘവും പൂർത്തിയാക്കി.