കോഴിക്കോട്: 'എവിടെ പോയി മ്മടെ മാവേലി', ട്രോളന്മാർ പറയുന്നത് മൂപ്പര് മാസ്ക് ധരിക്കാത്തതുകൊണ്ട് പൊലീസ് പൊക്കിയെന്നും, ക്വാറൈന്റെനിലാണെന്നുമാണ്. സംഗതി എന്തായാലും ഉത്രാടമായിട്ടും നഗരത്തിൽ ഇക്കുറി മാവേലിയുടെ പൊടി പോലുമില്ല. എല്ലാ വർഷവും ഓണക്കച്ചവടം കൊഴുപ്പിക്കാൻ ജില്ലയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളെല്ലാം മാവേലി വേഷക്കാരെ ഇറക്കുമായിരുന്നു. ഓണക്കാലത്ത് മലയാളിയെ കാണാൻ പാതാളത്തിൽ നിന്ന് വരാറുള്ള മാവേലിയെ കൊവിഡ് പാതാളത്തിൽ നിന്ന് പുറത്തു കടത്താത്ത അവസ്ഥയാണ്. കൊവിഡിൽ സാമൂഹ്യഅകലം പാലിക്കേണ്ടതിനാൽ ആൾക്കൂട്ടവുമില്ല മാവേലിയുമില്ല. മാവേലി വേഷം കെട്ടുന്ന ആൾക്ക് ദിവസവും 1000 മുതൽ 2000രൂപ വരെ കടകളിലെ വരുമാനമനുസരിച്ച് നൽകിയിരുന്നു. കൊവിഡിൽ കച്ചവടം കുറഞ്ഞതിനൊപ്പം പ്രമുഖ ടെക്സ്റ്റൈയിൽസും മറ്റു കടകളും വരെ ജീവനക്കാരുടെ എണ്ണം കുറച്ചു. ഇത് മാവേലി വേഷക്കാരെയും ബാധിച്ചു. ഓണാശംസ നേരാൻ കടകൾക്ക് മുന്നിൽ മാവേലിയെ നിറുത്തിയാലും കച്ചവടം വർദ്ധിക്കാത്ത സാഹചര്യത്തിൽ കട ഉടമകൾ ഈ വർഷം മാവേലിയെ ഒഴിവാക്കുകയായിരുന്നു. മാവേലി വേഷം വാടകയ്ക്കാണ് എടുക്കുന്നത്. മേക്കപ്പ് ചെയ്ത് ആടയാഭരണങ്ങൾ അണിഞ്ഞിറങ്ങുന്നതിന് വാടക ഇനത്തിൽ 1000 രൂപയോളമാകും. ഇത്തവണ ആഷോഷ പരിപാടികൾ നിലച്ചതോടെ വാടക വസ്ത്രങ്ങൾ നൽകുന്നവരടക്കം പ്രതിസന്ധിയിലാണ്.