കോഴിക്കോട്: ഞായർ അവധി പോലുമില്ലാതെ തുറന്നിട്ടും സെർവർ, നെറ്റ്‌വർക്ക് തകരാറുകൾ റേഷൻ വിതരണത്തെ ബാധിക്കുന്നു. സാങ്കേതിക പ്രശ്നം ഇന്നലെ പലയിടത്തെയും പ്രവർത്തനത്തെ ബാധിച്ചു. ഇതോടെ വൈഫൈ ഉപയോഗിച്ച് വിതരണം പുനരാംഭിക്കേണ്ടി വന്നു.
ജനങ്ങളെ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിൽക്കേണ്ട അവസ്ഥയാണ് ഇതോടെ ഉണ്ടായതെന്ന് വ്യാപാരികൾ ആരോപിച്ചു. മിക്കയിടത്തും ഉച്ചയ്ക്ക് ശേഷവും ഇ- പോസ് യന്ത്രം പ്രവർത്തിക്കുന്നില്ല. ഇത് ഉപഭോക്താക്കളും വ്യാപാരികളും തമ്മിൽ വാക്കേറ്റങ്ങൾക്ക് ഇടയാക്കുന്നു. അവധി ദിവസങ്ങളിലും റേഷൻ കടകൾ തുറക്കേണ്ടി വരുമ്പോൾ വിതരണം കൃത്യമായി നടത്താൻ സാധിക്കണമെന്ന് ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, ട്രഷറർ ഇ. അബൂബക്കർ ഹാജി എന്നിവർ ആവശ്യപെട്ടു.
സെയിൽസ്‌മാന് ബോണസ് വേണം
റേഷൻ വ്യാപാരികളോടൊപ്പം ജോലി ചെയ്യുന്ന സെയിൽസ്‌മാൻമാർക്ക് ആയിരം രൂപ വീതം ബോണസായി അനുവദിക്കണമെന്ന് ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇവരുടെ എണ്ണം മുപ്പതിനായിരത്തോളമാണ്.