സുൽത്താൻ ബത്തേരി: ബത്തേരി പട്ടണത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി നഗരസഭ നിർമ്മിച്ച രാജീവ്ഗാന്ധി മിനി ബൈപാസ് റോഡ് ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും.
കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷമായി മുടങ്ങികിടന്ന ബൈപാസ് റോഡിന്റെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. കൈപ്പഞ്ചേരി റോഡിൽ നിന്നാരംഭിച്ച് ചുള്ളിയോട് റോഡിൽ അവസാനിക്കുന്ന റോഡിന്റെ നീളം 1.250 കിലോമീറ്ററും 12 മീറ്റർ വീതിയുമാണ്. ഇതിൽ 825 മീറ്റർ ദൂരം ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ചിരുന്നങ്കിലും ചില സ്ഥലമുടമകളുടെ തടസ്സം കാരണം ചുള്ളിയോട് റോഡിലേക്ക് ബന്ധിപ്പിക്കാനായില്ല.
നഗരസഭ ഭരണ സമിതി അംഗങ്ങൾ സ്ഥലമുടമകളുമായി നടത്തിയ ചർച്ചയെതുടർന്ന് ഒരു ഏക്കർ 25 സെന്റ് സ്ഥലം വിട്ടു നൽകുകയുണ്ടായി. 1.75 കോടി രൂപ ചെലവിലാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.
ഇന്ന് രാവിലെ 11 മണിക്ക് ചുള്ളിയോട് ജംഗ്ഷനിൽ വെച്ച് മിനി ബൈപാസിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ.സാബു നിർവ്വഹിക്കും. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.കെ.സഹദേവൻ അദ്ധ്യക്ഷത വഹിക്കും. ഡെപ്യുട്ടി ചെയർപേഴ്സൺ ജിഷ ഷാജി മുഖ്യപ്രഭാഷണം നടത്തും. സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ എൽസി പൗലോസ്, ബാബു അബ്ദുൾറഹ്മാൻ, പി.കെ.സുമതി, വൽസ ജോസ്, കൗൺസിലർമാരായ ബാനു പുളിക്കൽ, എൻ.എം.വിജയൻ, പി.പി.അയൂബ്, എം.കെ.സാബു,നഗരസഭ സെക്രട്ടറി അലി അസ്‌ക്കർ, വിവിധ രാഷ്ട്രീയ, സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ഫോട്ടോ
148- ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന ബത്തേരക മിനിബൈപാസ് റോഡ്