മുക്കം: കൊവിഡ് മാനദണ്ഡം ലംഘിച്ച് ഓണാഘോഷം നടത്തിയ മുക്കം മണാശ്ശേരി കെ.എം.സി.ടി. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുൾപ്പെടെ അൻപതോളം ജീവനക്കാർക്കെതിരെ മുക്കം പൊലീസ് കേസെടുത്തു.

ഇവിടെ ഡോക്ടർമാരടക്കം 11 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ആശുപത്രി പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽ ഉൾപെടുത്തിയതിന് പിന്നാലെയാണ് ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങൾ ചേർന്ന് ഓണാഘോഷം നടത്തിയത്.

സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആഘോഷ പരിപാടിയുടെ ഫോട്ടോ ശ്രദ്ധയിൽപ്പെട്ടതോടെ എപ്പിഡമിക് ആക്ട്, ഐ.പി.സി എന്നിവ പ്രകാരം കേസെടുക്കുകയായിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്നവരോട് ആന്റിജൻ ടെസ്റ്റിന് വിധേയരാകാൻ മുക്കം നഗരസഭ നിർദേശം നൽകിയിരുന്നു. അവിടേയ്ക്ക് കൊവിഡ് മാനദണ്ഡം പാലിക്കാതെ അഞ്ചും ആറും ആളുകൾ വീതം ഓട്ടോറിക്ഷയിൽ വന്നതിന് പൊലീസ് കേസെടുത്തിരുന്നു. നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പിനും നഗരസഭ നിർദേശം നൽകി.