pathu

മഞ്ചേരി: "ചക്കക്കൂട്ടാനുണ്ടെങ്കിൽ ഉമ്മായ്ക്ക് മറ്റൊന്നും വേണ്ട. ചക്ക കിട്ടാത്ത കാലത്തേ ഉമ്മയുടെ ഭക്ഷണത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടതുള്ളൂ." 110-ാം വയസിൽ കൊവിഡിനെ തോൽപ്പിച്ച രണ്ടത്താണി വാരിയത്ത് പാത്തുവിന്റെ ആരോഗ്യരഹസ്യം ഇളയമരുമകൾ നബീസ വെളിപ്പെടുത്തുന്നു. സംസ്ഥാനത്ത് കൊവിഡിൽ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് പാത്തു.

110-ാം വയസിലും ചെറുപ്പത്തിന്റെ ചുറുചുറുക്കുള്ള പാത്തു ആരോഗ്യസംരക്ഷണത്തിനായി പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. കുട്ടിക്കാലം മുതലേ പഞ്ചസാര അടുപ്പിക്കാറില്ല. ചായയിലായാലും മധുരപലഹാരങ്ങളിലായും പായസത്തിലായാലും ശർക്കര മാത്രമേ ഉപയോഗിക്കൂ. പ്രമേഹത്തിന്റെ പ്രശ്നം തീരെയില്ല. ഉള്ളത് അൽപ്പം പ്രഷറാണ്. അത് മിക്കപ്പോഴും നിയന്ത്രണ വിധേയവുമാണ്. മൂന്നുനേരവും ക‍ഞ്ഞി മാത്രമാണ് ഭക്ഷണം . ചോറുണ്ണാറില്ല. മൂന്നുവർഷം മുമ്പ് തൊണ്ടയ്ക്കു ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷമാണ് പൂർണ്ണമായും കഞ്ഞിയിലേക്ക് മാറിയത്. ഭക്ഷണം ഉണ്ടാക്കാനും സ്വന്തം കാര്യങ്ങൾ നോക്കാനും പരസഹായം വേണ്ട. ഇളയമരുമകൾ നബീസയോടൊപ്പം രണ്ടത്താണി മുതുപറമ്പിലെ വീട്ടിലാണ് താമസം.ആശുപത്രിയിൽ കഴി‍‍ഞ്ഞ 12 ദിവസവും സഹായത്തിന് നബീസയും ഒപ്പമുണ്ടായിരുന്നു.


ഭർത്താവ് മൂസ ഏറെക്കാലം മുമ്പ് മരിച്ചു. എട്ടുമക്കളുണ്ട്. രണ്ടുമക്കൾ മരിച്ചു.ആഗസ്റ്റ് 18നാണ് പാത്തുവിന് കൊവിഡ് സ്ഥിരീകരിച്ചത്. മകളിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് പാത്തു രോഗബാധിതയായത്. നേരിയ രോഗലക്ഷണങ്ങളേ ഇവർക്കുണ്ടായിരുന്നുള്ളൂ. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവർ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇനി 14 ദിവസം കൂടി പാത്തു വീട്ടിൽ നിരീക്ഷണത്തിൽ തുടരും.