കോഴിക്കോട്: കൊവിഡ് കാലത്തും രോഗി സൗഹൃദ ആതുര സേവനത്തിന് മാതൃകയാവുകയാണ് തലയാട് ഗവ.ആയുർവേദ ആശുപത്രി. കേരളത്തിലെ ആദ്യ ഐ.എസ്.ഒ അംഗീകാരം ലഭിച്ച ആയുർവേദ ആശുപത്രിയിലേക്ക് ദൂര ദേശങ്ങളിൽ നിന്നു പോലും നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത്. ദിവസവും 200ലധികം പേർ ഒ.പിയിൽ മാത്രമെത്തുന്നു.ഇരുപത് കിടക്കകളുള്ള ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും പത്ത് പേരെ കിടത്താനുള്ള സൗകര്യം മാത്രമേ മുമ്പ് ഉണ്ടായിരുന്നുള്ളു. നിലവിലെ ഭരണസമിതി ചുമതലയേറ്റ ശേഷം പത്ത് രോഗികളെ കൂടി കിടത്തി ചികിൽസിക്കാൻ പുതിയ ഐ.പി ബ്ലോക്ക് നിർമ്മിച്ചു. പൊട്ടിപ്പൊളിഞ്ഞ് കാലപ്പഴക്കം ചെന്ന ആയുർവേദ ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി മനോഹരമായ കെട്ടിട സൗകര്യങ്ങളാണ് തലയാട് ഗവ.ആയുർവേദ ആശുപത്രിക്കുള്ളത്. നേരത്തെ സ്വന്തമായി കുടിവെള്ള സംവിധാനം ആശുപത്രിക്ക് ഉണ്ടായിരുന്നില്ല. പഞ്ചായത്ത് മുൻകൈയെടുത്ത് കിണറിന് സ്ഥലം കണ്ടെത്തി കിണറും പമ്പ് ഹൗസും സ്ഥാപിച്ച് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടു.
ജില്ലാപഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയുടെ ഭാഗമായി പഠനവൈകല്യമുള്ള കുട്ടികൾക്ക് ചൊവ്വാഴ്ചകളിൽ ഒ.പി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ജീവിത ശൈലി രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയ്ക്കായി പ്രത്യേക ഒ.പിയുമുണ്ട്. തൈലവും കഷായവും നൽകി പറഞ്ഞു വിടുക എന്നതിൽ രീതി മാറ്റി ആരോഗ്യവും അസുഖവും മനസ്സിലാക്കിയാണ് ചികിത്സ നടത്തുന്നത്. 30നും 50നും ഇടയ്ക്ക് പ്രായമുള്ളവരാണ് ചികിത്സ തേടി എത്തുന്നതിൽ അധികവും.
അഞ്ച് താത്ക്കാലിക ജീവനക്കാർ ഉൾപ്പടെ 19 ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. വിവിധ വിഭാഗങ്ങളിലായി നാല് ഡോക്ടർമാരുടെ സേവനം ലഭിക്കും. തുടക്കത്തിൽ ഡിസ്‌പെൻസറി എന്ന നിലയ്ക്കായിരുന്നു പ്രവർത്തനം.
''കൊവിഡ് പ്രതിസന്ധികൾക്കിടയിലും ആശുപത്രി വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശുപത്രിയിൽ നിന്ന് മരുന്ന് എത്തിച്ച് നൽകുന്നു. ധാരാളം രോഗികളാണ് ഇപ്പോഴും ചികിത്സ തേടിയെത്തുന്നത്''-
ഡോ. ടി.കെ. മുഹമ്മദ് , ചീഫ് മെഡിക്കൽ ഓഫീസർ.