കോഴിക്കോട്: ഓണമായിട്ട് മാവേലി തമ്പുരാൻ എത്തിയില്ലെന്ന പരാതി വേണ്ട. ആളെത്തിയിട്ടുണ്ട്. പക്ഷേ, ഓൺലൈൻ ലോകത്താണെന്ന് മാത്രം. പ്രജകളെ ചിരിച്ചും ചിന്തിപ്പിച്ചും സൈബർ ഇടങ്ങളിലെല്ലാം ഒരുപോലെ വൈറലായിരിക്കുകയാണ് മാവേലി. കൊവിഡ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് നേരിട്ടുള്ളൊരു കണ്ടുമുട്ടൽ ഉണ്ടാവില്ലെന്ന് അത്തം പിറക്കുന്നതിന് മുന്നേ തമ്പുരാൻ ഫേസ്ബുക്ക് പോസ്റ്റ് വഴി ഇക്കാര്യം അറിയിച്ചിരുന്നു.
ഓണത്തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ സാക്ഷാൽ കാലനേയും കൂട്ടിയാണ് പ്രജകളുടെ ക്ഷേമം അന്വേഷിച്ചുള്ള നടപ്പ്. കൊവിഡ് വാമനനേക്കാൾ വലിയ വിപത്താണെന്നു പുള്ളിക്ക് നന്നായി മനസിലായിട്ടുമുണ്ട്. കൊവിഡ് കെണിയിൽപ്പെട്ട മലയാളികളുടെ സാമൂഹിക മാദ്ധ്യമങ്ങളിലെല്ലാം ഇപ്പോൾ മാവേലി ഫലിതങ്ങളാണ് താരം.
നഗരങ്ങളിൽ നിന്നും അപ്രത്യക്ഷമായ മാവേലി ഇത്തവണ സ്മാർട്ട് ഫോണുകൾ വഴിയാണ് പ്രജകളുമായി സംവദിക്കുന്നത്. നിരവധി പരസ്യ കമ്പനികളും ഗ്രാഫിക്സ് കലാകാരന്മാരും ചേർന്ന് മാവേലിയുമായി ബന്ധപ്പെട്ട് തയാറാക്കിയ കാർട്ടൂണുകളും പോസ്റ്ററുകളുമാണ് ലോക്കായ ഓണത്തെ ആഘോഷമാക്കുന്നത്. കേരളാ പൊലീസും ജില്ലാ കളക്ടർമാരും തുടങ്ങി നിരവധി പേരുടെ ഫേസ്‌ബുക്ക് വാളുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പലതും കൊവിഡ് അവബോധമുണർത്തുന്നതാണ്. എല്ലാത്തിലും നായകൻ മാവേലി തന്നെ. മാസ്‌ക്കിട്ടോണം... ഗ്യാപ്പിട്ടോണം... സോപ്പിട്ടോണം... സൂക്ഷിച്ചോണം... എന്ന ആശംസയുമായാണ് പ്രജകളെ കാണാൻ ഇത്തവണ ജില്ലാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ മാവേലിയെത്തുന്നത്.
സാമൂഹിക അകലം പാലിക്കുന്നതിന് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി വ്യത്യസ്ഥമായ മാവേലി സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നത്. പുറത്ത് നിന്ന് വന്നതല്ലേ നിരീക്ഷണത്തിൽ കഴിഞ്ഞ് പ്രജകളെ കാണാൻ ഇറങ്ങിയാൽ മതിയെന്നാണ് മാവേലിക്ക് കേരള പൊലീസിന്റെ നിർദ്ദേശം. കാണം വിറ്റും ഓണം ഉണ്ണണമെന്ന സന്ദേശം മാറി, കരുതിയിരുന്നാൽ അടുത്ത വർഷവും ഓണം ഉണ്ണാമെന്നും, എല്ലാം നോക്കീം കണ്ടും ആഘോഷിച്ചാൽ നമുക്ക് അടുത്തവർഷവും ഓണം ആഘോഷിക്കാമെന്നും കൂടാതെ മലയാളികൾക്കിടയിൽ വൈറലായ ഒരു വെബ് സീരീസിലെ വാക്കുകൾ കടമെടുത്ത് 'മാമനോടൊന്നും തോന്നല്ലെ മക്കളെ...' എന്ന കാലന്റെ സന്ദേശവും ഓണകിറ്റിനേക്കാൾ പ്രധാനം പി.പി.ഇ കിറ്റിനാണെന്നും തുടങ്ങുന്നു മാവേലി സന്ദേശങ്ങൾ. കൊറോണയെ കുറിച്ചറിയാതെ നാട് കാണാൻ വന്ന മാവേലിയെ ആരോഗ്യ പ്രവർത്തകർ ചേർന്ന് ക്വാറന്റൈനിലേക്ക് കയറ്റി അയക്കുന്നത് ഉൾപ്പെടെയുള്ള കഥകളാണ് ഇപ്പോൾ വൈറൽ. എന്തായായും കൊവിഡിനെ ഒന്ന് സോപ്പിട്ടേക്കാം, പാതാളത്തിലേക്ക് കൂടി കൊവിഡ് എത്തിക്കണ്ടല്ലോ എന്ന സന്ദേശവുമായാണ് ഒടുവിൽ മാവേലി പാതളത്തിലേക്ക് തിരിക്കുന്നത്.