മുക്കം: പനി ഉൾപെടെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവരെ കൈകാര്യം ചെയ്യുന്നതിൽ സ്വകാര്യ ആശുപത്രികൾക്ക് ജാഗ്രതകുറവ് ഉണ്ടാവുന്നതായി ആക്ഷേപം. മുക്കത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ തുടർച്ചയായി ഒരാഴ്ച പന്നിക്കോട്ടു നിന്ന് ചികിത്സ തേടി എത്തിയ 48 കാരൻ ശനിയാഴ്ച സ്വകാര്യ മെഡിക്കൽ കോളേജിലും പരിശോധനയ്ക്കു വിധേയനായെങ്കിലും കോഴിക്കോടു മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയത്. സ്വകാര്യ മെഡിക്കൽ കോളേജിൽ 5000 രൂപയുടെ വിവിധ ലാബ് ടെസ്റ്റുകൾ നടത്തിയ ശേഷമാണ് മെഡിക്കൽ കോളേജിൽ അയച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 28ന് മണാശ്ശേരി സ്കൂളിൽ നടത്തിയ ക്യാമ്പിലെ പരിശോധനയുടെ ഫലം ഇന്നലെ പുറത്തു വന്നപ്പോൾ കാരശ്ശേരി പഞ്ചായത്തിൽ നിന്നുള്ള നാലു പേർക്ക് രോഗം സ്ഥിരീകരിച്ചു. കാരമൂല, ആയാംകുന്ന്, എലമ്പാട്, തോട്ടക്കാട് സ്വദേശികളായ ഇവർ നാലു പേരും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്.