വടകര: അഴിയൂരിൽ 26ന് നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 99 എണ്ണത്തിന്റെ റിസൾട്ട് വന്നപ്പോൾ 20പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 7 പേർക്കും ഇന്ന് 13 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ പോസിറ്റീവ് രോഗികളുള്ള പതിനെട്ടാം വാർഡ് അഞ്ചാംപീടികയിലെ ഇലക്ട്രീഷ്യന്റെ കുടുംബത്തിലെ 7 പേർക്കും മൂന്നാം വാർഡ് മനയിൽ അമ്പലത്തിന് സമീപത്തെ ചെറുവണ്ണൂർ ഹോമിയോ ഡിസ്‌പെൻസറിയിലെ പി.ടി.എസിന്റെ കുടുംബാംഗങ്ങളായ ഭാര്യ, മൂന്നു മക്കൾ, രണ്ട് സഹോദരിമാർ, സഹോദരിയുടെ മകൾ, ഭാര്യയുടെ രണ്ടു സഹോദരന്മാർ എന്നിങ്ങനെ ഒൻപത് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ പതിനാലാം വാർഡ് ആവിക്കരയിൽ നേരത്തെ പോസിറ്റീവ് സ്ഥിരീകരിച്ച പൊലീസുകാരന്റെ ഭാര്യ (34), 12 വയസുള്ള പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള കുട്ടി എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ജോലിക്ക് പോകുന്നവർ വീട്ടുകാരുമായി ഇടപഴകുന്നത് സങ്കീർണത സൃഷ്ടിക്കുന്നുണ്ട്. 75 വയസുള്ള ഒരു സ്ത്രീക്കും കൊവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. പോസിറ്റീവ് രോഗികളായ രണ്ടു പേരുടെയും വീടുകളിലെ ഭൂരിഭാഗം പേർക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ രോഗികളെ വീടുകളിൽ തന്നെ താമസിപ്പിക്കാൻ തീരുമാനിച്ചു. ഇതിൽ വൃദ്ധരായവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റും. നിലവിൽ രണ്ടു ദിവസത്തിനകം പതിനെട്ടാം വാർഡിൽ എട്ടുപേർക്കും പതിനാറാം വാർഡിൽ ഒരാൾക്കും മൂന്നാം വാർഡിൽ 9 പേർക്കും പതിനാലാം വാർഡിൽ രണ്ടുപേർക്കുമായി ആകെ 20 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. പോസിറ്റീവായവരുടെ പ്രാഥമിക സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്.
എല്ലാവരും നിരീക്ഷണത്തിൽ ആയതിനാൽ സമ്പർക്കം വലിയ രീതിയിൽ ഇല്ലെന്നത് ആശ്വാസമാണ്. നിലവിൽ 14,18 വാർഡുകൾ പൂർണമായും 3,16,17 വാർഡുകൾ ഭാഗികമായും അടച്ചിട്ടിരിക്കുകയാണ്. ഇനി വരാനുള്ള റിസൾട്ട് പതിമൂന്നാം വാർഡിലുള്ള വ്യക്തിയുടേതാണ്. ബാക്കിയുള്ളത് നെഗറ്റിവായി. ജോലിക്ക് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും പ്രായമുള്ളവരുമായി യാതൊരു തരത്തിലുള്ള ഇടപഴകലും പാടില്ലെന്നും അധികൃതർ അറിയിച്ചു. കുടുംബം മുഴുവൻ കൊവിഡ് പോസിറ്റീവ് രോഗികൾ ആകുന്ന അവസ്ഥ ഒഴിവാക്കാൻ ജോലിക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.