rain

തോട്ടിൽ വീണ് യുവാവ് മരിച്ചു

കോട്ടയം : ഇടമുറിയാതെ പെയ്ത കനത്തമഴയിൽ ജില്ലയിൽ നാലിടങ്ങളിൽ ഉരുൾപൊട്ടൽ. അമ്പാറയിൽ യുവാവ് തോട്ടിൽ വീണ് മരിച്ചു. വീടുകളും കൃഷിയിടങ്ങൾക്കും വ്യാപക നാശമുണ്ട്. ജില്ലയിലെ മൂന്ന് നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന മുഴുവൻ പേരെയും ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ മഴ ഇതുവരെ കുറഞ്ഞിട്ടില്ല.

കൂട്ടിക്കലും പൂഞ്ഞാർ തെക്കേക്കരയിലുമാണ് ഇന്നലെയും ഉരുൾപൊട്ടിയത്. ഉരുൾപൊട്ടിയ ഭാഗങ്ങളിലെ ആളുകളെ ക്യാമ്പുകളിലേയ്ക്ക് മാറ്റിയതിനാൽ ആളപായമുണ്ടായിട്ടില്ല. രാവിലെയും ഉച്ചകഴിഞ്ഞുമാണ് രണ്ട് പഞ്ചായത്തുകളിലായി നാലിടങ്ങളിൽ ഉരുൾപൊട്ടിയത്. കഴിഞ്ഞദിവസം ഉരുൾപൊട്ടിയ കൊടുങ്ങ ഭാഗത്ത് ഇന്നലെ രാവിലെയും ഉച്ചകഴിഞ്ഞും വലിയ ഉരുൾപൊട്ടുലകുളുണ്ടായി. പുല്ലകയാർ കരകവിഞ്ഞൊഴുകി. കൂട്ടിക്കൽ പാലവും മുണ്ടക്കയം കോസ്‌വേയും വെള്ളത്തിലായി. കിഴക്കൻ വെള്ളം ശക്തി പ്രാപിച്ചതോടെ പഴയിടം പാലവും മണിമലയാർ മൂടി. മണിമല സ്റ്റാൻഡിലേയ്ക് വെള്ളം കയറുകയാണ്. വാഴൂർ-കൊടുങ്ങൂർ റൂട്ടിലെ അടാമറ്റം ഭാഗം ഇതാദ്യമായി അരപ്പൊക്കം വെള്ളമത്തി. കൂട്ടിക്കൽ പഞ്ചായത്തിലുള്ളവരെ ഏന്തയാർ ജെ.ജെ.മർഫി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കാണ് മാറ്റി പാർപ്പിച്ചത്.

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങുളം,​ പാലാമ്പുഴ മലയിഞ്ചിപ്പറ പുഴുമ്പള്ളിയിലുമാണ് ഉരുൾപൊട്ടിയത്. ഒരാളുടെ വീടും തകർന്നു. പാലായും പരിസരവും വെള്ളത്തിലായി. പാലാ,​ ഇരാറ്റുപേട്ട എന്നിവിടങ്ങളിൽ കളക്ടർ എം.അഞ്ജനയും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.തിലോത്തമനും സന്ദർശനം നടത്തി. ​ മൂവാറ്റുപുഴയാറിലും ക്രമാതീതമായി ജലനിരപ്പ് ഉയരുകയാണ്. കല്ലറ മുണ്ടാർ ഭാഗത്ത് കെ.വി.കനാൽ ജലനിരപ്പ് ഉയരുകയാണ്. ആയാംകുടി,​ എഴുമാന്തുരുത്ത് ഭാഗത്തുള്ളവർക്കും ജാഗ്രതാ നിർദേശം നൽകി. പാലാ,​ പേരൂർ,​ മണില ഭാഗങ്ങളിൽ ജലനിരപ്പ് അപകടമാംവിധം ഉയരുകയാണ്.

'' വെള്ളംകയറിയ മുഴുവൻ പ്രദേശത്തെയും ആളുകളെ എത്രയും വേഗം ഒഴിപ്പിക്കാൻ പൊലീസിനും തദ്ദേശ,​ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. കൃഷിയടക്കമുണ്ടായ നാശ നഷ്ടം വിലയിരുത്തുന്നേയുള്ളൂ'' എം.അഞ്ജന,​ കളക്ടർ

മണ്ണനാനിയിൽ വീടുകൾ വെള്ളത്തിൽ

പൊൻകുന്നം: മണിമലയാർ കരകവിഞ്ഞതോടെ സമീപത്തെ മലേപ്പറമ്പ് തോട്ടിൽ ജലനിരപ്പുയർന്ന് ചെറുവള്ളി മണ്ണനാനിയിൽ നാലു വീടുകൾ മുങ്ങി. പുത്തൂരേടത്ത് ബിജുവിന്റെ വീട് പൂർണമായും വെള്ളത്തിലായി. കുഴിക്കാട്ടുപറമ്പിൽ ഗോപാലൻ, പാറോട്ടിൽ ബാബു, പാറോട്ടിൽ രാധാകൃഷ്ണൻ എന്നിവരുടെ വീടുകളും വെള്ളത്തിലായി. ബാബു, രാധാകൃഷ്ണൻ എന്നിവരുടെ കുടുംബങ്ങളെ സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മറ്റു രണ്ടുകുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.