കോട്ടയം : മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി ക്ലബിൽ നിന്ന് 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസിനെ ഒറ്റിയ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) രതീഷ്‌കുമാറിന് സസ്‌പെൻഷൻ. പ്രതിയായ മണർകാട് മാലം വാവത്തിൽ കെ.വി സുരേഷുമായി എസ്.എച്ച്.ഒ നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി.കോര എന്നിവർ നടത്തിയ അന്വേഷണത്തിൽ രതീഷ്‌കുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണ റിപ്പോർട്ട് എസ്.പിയ്ക്കും, ഡി.ഐ.ജിയ്ക്കും കൈമാറിയിരുന്നു. ഇതിനിടെ എസ്.എച്ച്.ഒയെ രക്ഷിക്കാൻ ഉന്നതരാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണവും ശക്തമായി. ഇതിന്റെ ഭാഗമായാണ് ഇൻസ്പെക്ടർ ചുമതലയിൽ നിന്ന് മാറ്റി മാത്രം കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവെന്നും ശക്തമായി. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടോടെയാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
സുരേഷിന്റെ ജാമ്യാപേക്ഷ നാളെ
മാലം സുരേഷിന്റെ ജാമ്യാപേക്ഷ നാളെ കോട്ടയം സെഷൻസ് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി കൂടുൽ വാദം കേൾക്കുന്നതിനായി കേസ് മാറ്റിവച്ചിരുന്നു. ഇതിനിടെ ചീട്ടുകളി കളത്തിൽ നിന്ന് പിടികൂടിയ 43 പേരോട് 4 ന് തെളിവെടുപ്പിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിനാണ് അന്വേഷണ ചുമതല.