mazha

കോട്ടയം : ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ മഴയും ശക്തിപ്രാപിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. കാലവർഷ ദുരന്തനിവാരണ നിവാരണ നടപടികളുടെ ഭാഗമായി ദുരിതാശ്വാസക്യാമ്പുകൾ തുറന്നാലും ആളുകൾ കൂടുതൽ എത്തിയാൽ കാര്യങ്ങൾ നിയന്ത്രണാതീതമാകുമെന്നതിനാൽ അതീവശ്രദ്ധയും കരുതലുമാണ് ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും പുലർത്തുന്നത്. വരുംദിവസങ്ങളിലും മഴ തുടരുകയാണെങ്കിൽ മുൻവർഷങ്ങളിലെപ്പോലെ പ്രളയസമാന സാഹചര്യമുണ്ടായാൽ വ്യാപകമായി കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വരും. ആളുകൾ കൂടിയാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സുരക്ഷാ ക്രമീകരണം നടപ്പാക്കുക ബുദ്ധിമുട്ടാകും.

നിലവിൽ ഏറ്റുമാനൂർ നഗരസഭ പൂർണമായും കണ്ടെയ്ൻമെന്റ് സോണാണ്. മുപ്പതോളം തദ്ദേശ സ്ഥാപനങ്ങളിലായി നൂറോളം വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്. കാലവർഷക്കെടുതികൾ കണ്ടെയ്ൻമെന്റ് സോണുകളെ ബാധിച്ചാൽ ഇവിടെ ദുരിതാശ്വാസക്യാമ്പ് എങ്ങനെ തുറക്കുമെന്നതും ആശങ്കയാണ്.

മുൻകരുതൽ ഇങ്ങനെ

ക്യാമ്പുകളിൽ കൊവിഡ് ബാധ ഉണ്ടായാൽ വൻതോതിൽ വ്യാപനത്തിന് കാരണമാകുമെന്നതിനാൽ സർക്കാർ നിർദ്ദേശിച്ച കൊവിഡ് പ്രോട്ടോക്കേൾ അനുസരിച്ച് പ്രത്യേക ശ്രദ്ധയോടെയാണ് ക്യാമ്പുകളുടെ പ്രവർത്തനം. വില്ലേജ് ഓഫീസർക്കാണ് ക്യാമ്പുകളുടെ ചുമതല. തദ്ദേശസ്ഥാപനങ്ങളുടെയും വാർഡുതല സമിതികളുടെയും മേൽനോട്ടവുമുണ്ട്. സ്കൂളുകൾ അണുവിമുക്തമാക്കിയ ശേഷമാണ് ക്യാമ്പുകളാക്കുന്നത്. ഭക്ഷണപ്പുര ഒന്നാണെങ്കിലും സാമൂഹ്യ അകലം പാലിച്ചാണ് അന്തേവാസികളെ പാർപ്പിച്ചിരിക്കുന്നത്. ഒരു കുടുംബത്തിൽ നിന്നുള്ളവരെ ഒരു മുറിയിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ക്വാറന്റൈനിലുള്ളവർക്ക് പ്രത്യേക സുരക്ഷ ഒരുക്കി പാർപ്പിച്ചിരിക്കും. പ്രത്യേക ടോയ്ലറ്റ് സംവിധാനവും ഇവർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. കുഴിക്കാട്ടു മറ്റം കോളനിയിലെ 22 വീടുകളിൽ നിന്നള്ള 72 ആളുകളുള്ള പനച്ചിക്കാട് എൻ.എസ്.എസ് ഹൈസ്ക്കൂളിൽ പൊതുക്യാമ്പിനു പുറമേ ക്വാറന്റൈനിൽ കഴിയുന്നവർക്ക് പ്രത്യേക ക്യാമ്പുമുണ്ട്.