അനന്ത സാധ്യതകൾ തേടി എലിക്കുളം ഗ്രാമപഞ്ചായത്ത്
പാലാ: കാടും, പടലും വെട്ടിമാറ്റുന്ന ജോലിയും 'മഴക്കുഴി നിർമ്മാണവും, മാലിന്യക്കുഴി നിർമ്മാണവും എല്ലാം ചെയ്യുന്ന ആ പഴയ തൊഴിലുറപ്പു തൊഴിലാളികളുടെ കാലം മാറി. ഇപ്പോൾ ന്യൂജൻ തൊഴിലാളികളുടെ വരവായി. എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ മഹാന്മഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളാണ് ആസ്തി നിർമ്മാണത്തിലൂടെ ഈ രംഗത്തെ അനന്ത സാധ്യതകൾ തേടുന്നത്. തൊഴിലാളികൾ വീടുകളിലേക്ക് ആവശ്യമുള്ള കംപോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവ നേരിട്ടു നിർമ്മിച്ചു നല്കുന്നു.ഇതിനാവശ്യമായ സിമന്റ് ബ്രിക്‌സ് തൊഴിലാളികൾ തന്നെയാണ് നിർമ്മിക്കുന്നത്. നിർമ്മാണത്തിന് ആവശ്യമായ അംസ്‌കൃതവസ്തുക്കൾ തൊഴിലാളികൾ തന്നെ തങ്ങളുടെ കൈവശമുള്ള ചെറിയ തുക നല്കി വാങ്ങുന്നു. ബ്രിക്‌സ് നിർമ്മിച്ച ശേഷം ഇവ വാർഡിലെ വിവിധ വീടുകളിലെത്തിച്ച് കം പോസ്റ്റ് പിറ്റും, സോക്ക് പിറ്റും നിർമ്മിച്ചു നല്കുന്നു. ബ്രിക്‌സ് നിർമ്മാണത്തിനും കംപോസ്റ്റ്, സോക്ക് പിറ്റുകളുടെ നിർമ്മാണത്തിനുള്ള പരിശീലനവും ഇവർ നേടിക്കഴിഞ്ഞു. ഉരുളികുന്നം ഉദയ അങ്കനവാടിയുടെ സമീപമാണ് ബ്രിക്‌സ് നിർമ്മാണം നടക്കുന്നത്.
പദ്ധതി വ്യാപിപ്പിക്കും
സാധന സാമഗ്രികളുടെ തുകയും, നിർമ്മാണ കൂലിയുമെല്ലാം ഇവർക്ക് തൊഴിലുറപ്പ് പദ്ധതി ഫണ്ടിൽ നിന്നും ലഭ്യമാവും. ആദ്യഘട്ടമെന്ന നിലയിൽ ഒന്നാം വാർഡിലും തുടർന്ന് പഞ്ചായത്ത് മുഴുവനായിത്തന്നെ പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഒന്നാം വാർഡംഗം ടോമി കപ്പിലുമാക്കൽ പറഞ്ഞു. ആവശ്യക്കാർ ഏറുന്നതനുസരിച്ച് പഞ്ചായത്തിന് പുറത്തേക്കും ആസ്തി നിർമ്മാണവുമായി തൊഴിലാളികളെത്തും. മാലിന്യ നിർമ്മാർജനം വഴി ഉണ്ടാവുന്ന വേസ്റ്റ് ഉപയോഗിച്ച് പച്ചക്കറി കൃഷി നടത്തി ഓരോ വീടും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമാക്കിത്തീർക്കും. പഞ്ചായത്ത് പ്രസിഡന്റ് സുമംഗലദേവിയും, തൊഴിലുറപ്പ് ഓവർസീയർ സുപ്രിയ സുരേന്ദ്രനും തൊഴിലുറപ്പ് തൊഴിലാളികൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്.