ഇടപ്പാടി: കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ ഇടപ്പാടി ജലവാഹിനി ജലനിധി ചാരിറ്റബിൾ സൊസൈറ്റി ജൂലായ് മാസത്തിലെ വെള്ളക്കരം ഒഴിവാക്കി. 320 അംഗങ്ങൾക്കായി അൻപതിനായിരത്തോളം രൂപയാണ് സൊസൈറ്റി ഒഴിവാക്കി നൽകിയത്. ജില്ലയിലെ ഏറ്റവും അധികം അംഗങ്ങളുള്ള ജനകീയ കുടിവെള്ള പദ്ധതിയാണ് ഇടപ്പാടിയിലേത്. മഹാരാഷ്ട്ര, ആന്ധ്രാ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ജലനിധിയെപ്പറ്റി പഠിക്കുന്നതിന് സംഘം ഇടപ്പാടിയിൽ എത്തിയിരുന്നു. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയും പഞ്ചായത്തിന്റെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് ടി.വി നൽകിയും ചികിത്സാ സഹായം അനുവദിച്ചും കൊവിഡ് കാലത്ത് സൊസൈറ്റി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇടപ്പാടി പ്രദേശത്തെ ജനങ്ങളുടെ സാമ്പത്തിക നില ഉയർത്തുന്നതിന് സൊസൈറ്റിയുടെ പ്രവർത്തനംവഴി കഴിഞ്ഞതായി പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ, സെക്രട്ടറി ബീനാ സജി, ട്രഷറർ ജോസുകുട്ടി അമ്പലമറ്റം ഭരണസമിതിയംഗങ്ങളായ സുനിതാ ബൈജു, ബിജു നടുവക്കുന്നത്ത്, റെജി കള്ളിക്കൽ, ജോസുകുട്ടി തെക്കേത്തുണ്ടം, ജോർജ്ജ് വർഗീസ്,ബേബി താണോലിൽ,സുനിതാ സോമൻ,സുമ സാബു തുടങ്ങിയവർ അറിയിച്ചു.