കോട്ടയം: എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിപ്പ് അധികാരത്തെ ചൊല്ലി കേരള കോൺഗ്രസ് ജോസ്, ജോസഫ് പക്ഷക്കാരുടെ തർക്കം മുറുകി.മത്സരം വന്നാൽ മുഴുവൻ കേരള കോൺഗ്രസ് എം. എൽ. എമാർക്കും വിപ്പ് നൽകുമെന്ന് പി. ജെ ജോസഫ് പ്രഖ്യാപിച്ചതു ജോസ് പക്ഷം തള്ളി. പാർട്ടി വിപ്പായ റോഷി അഗസ്റ്റിനാണ് വിപ്പ് നൽകേണ്ടതെന്നും ജോസഫല്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
ജോസ് പക്ഷ എം.എൽ.എമാർ വിപ്പ് ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ജോസഫ് വ്യക്തമാക്കി. ചിഹ്നം സംബന്ധിച്ച തർക്കം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ നിൽക്കുന്നതിനാൽ വിപ്പ് നിലനിൽക്കുമോ എന്ന സംശയത്തിലാണ് ജോസ് പക്ഷം.
രാഷ്ട്രീയപാർട്ടികളിൽ
അതേസമയം,ജോസ് പക്ഷം സാങ്കേതികമായി കേരള കോൺഗ്രസിൽ തുടരുന്നതിനാൽ പാർട്ടി വിപ്പ് അവർക്ക് ബാധകമാണ്. വിപ്പ് അംഗീകരിച്ചാൽ വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിനെ അംഗീകരിക്കുന്നതായും യുഡിഎഫിൽ തുടരുന്നതായും വിലയിരുത്തപ്പെടും. യു.ഡി.എഫ് മാറ്റിനിർത്തിയ വിഭാഗത്തിന് എങ്ങിനെ വിപ്പ് നൽകുമെന്നത് ജോസഫ് പക്ഷത്തിന്റെയും പ്രശ്നമാണ്. ജയസാദ്ധ്യത ഇല്ലാത്തതിനാൽ സ്ഥാനാർത്ഥിയെ നിറുത്തേണ്ട എന്ന് യു.ഡി.എഫ് തീരുമാനിച്ചാൽ ജോസ് പക്ഷം രക്ഷപെടും.