കോട്ടയത്ത് കൊവിഡ് കൈവിട്ടുള്ള കളി തുടരുമ്പോഴും ഡോക്ടർക്ക് കൊവിഡ് ബാധിച്ചിട്ടും ചില സ്വകാര്യ ആശുപത്രികൾ അടക്കാൻ ബന്ധപ്പെട്ടവർ താത്പര്യം കാണിക്കുന്നില്ലെന്ന പരാതിയിലാണ് ചുറ്റുവട്ടത്തുള്ളവർ. കോട്ടയം മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും കൊവിഡ് കേസുകൾ ഉണ്ടായതോടെ വാർഡ് അടച്ചു. ഡോക്ടറടക്കം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്വാറന്റൈനിലുമായി. മെഡിക്കൽ കോളേജിൽ രണ്ട് വാർഡും ജില്ലാ ആശുപത്രിയിൽ ഒരു വാർഡും അടച്ചു. ഗൈനക്ക് ഒ.പി രണ്ട് സർക്കാർ ആശുപത്രികളിലും നിറുത്തിയതോടെ പാവപ്പെട്ട ഗർഭിണികൾ സാധാരണ പ്രസവത്തിന് അഞ്ചക്ക തുക വാങ്ങുന്ന കഴുത്തറപ്പൻ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കേണ്ട അവസ്ഥയിലാണ്.
നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് പോസിറ്റീവായത് കൊവിഡ് രോഗി ചികിത്സ തേടിയതിനാലായിരുന്നു. മെഡിക്കൽ കോളേജ് ,ജില്ലാ ആശുപത്രി മാതൃക പിന്തുടർന്ന് ഈ ആശുപത്രി അടക്കാതെ വന്നതോടെ ജില്ലാ ഭരണകൂടം സ്വകാര്യ ആശുപത്രിയെ സഹായിച്ചുവെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വാർത്ത പരന്നു. എല്ലാ രാഷ്ട്രീയക്കാർക്കും താത്പര്യമുള്ള ആശുപത്രിയായിരുന്നു ഇത്. അതേ സമയം ഇതേ കേസിൽ അയ്മനത്തുള്ള സ്വകാര്യ ആശുപത്രി അടപ്പിച്ചു. തിരുവാതുക്കൽ കൊവിഡ് രോഗി പരിശോധനയ്ക്ക് വന്ന ക്ലിനിക്ക് ദീർഘകാലം ജില്ലാ ഭരണകൂടം അടപ്പിച്ചിരുന്നു. എന്നാൽ ഈ സ്വകാര്യ ആശുപത്രിയ്ക്ക് മാത്രം ഇളവുകൾ നൽകിയത് എന്തിനെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. സ്വകാര്യ ആശുപത്രി ഇതിനിടെ കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയുമാക്കി ഉയർത്തിയതോടെ ഒരേ പന്തിയിൽ രണ്ടു കച്ചവടം നടക്കുന്നതു കണ്ട് നാട്ടുകാരുടെ കണ്ണാണ് തള്ളിയത്.
സമ്പർക്കം വഴിയും ഉറവിടമില്ലാതെയും കൊവിഡ് സമൂഹവ്യാപന തലത്തിലേക്ക് വളർന്ന ഭീതിയിലാണ് കോട്ടയത്തുള്ളവർ. നിലവിൽ ഏറ്റുമാനൂർ നഗരസഭ പൂർണമായും കണ്ടെയ്ൻമെന്റ് സോണാണ്. മുപ്പതോളം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലായി നൂറോളം വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇതിനിടെയാണ് സംസ്ഥാനത്ത് ഒരു ദിവസം ഏറ്റവും കൂടുതൽ മഴയുണ്ടായി കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖല വെള്ളത്തിലായത്. കൊവിഡിനിടയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും തലവേദനയായി.
സമ്പർക്കം വഴി കൊവിഡ് പടരുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടും ജനങ്ങൾക്ക് ഒരു കൂസലുമില്ല. എനിക്ക് കൊവിഡ് വരില്ലെന്ന അഹങ്കാരത്തോടെ മാസ്ക്ക് വായും മുഖവും മറച്ച് വയ്ക്കുകയോ സാനിറ്റൈസറോ സോപ്പ് ലായനിയോ കൊണ്ട് കൈ കഴുകാനോ തയ്യാറാകാതെ നെഞ്ചും വിരിച്ച് നടക്കുന്നവർ കൂടുകയാണ്. ബോധമില്ലാതെ നടക്കുന്ന ഇത്തരക്കാർ രോഗവാഹകരായി മാറുന്ന ഗുരുതരസ്ഥിതിയിൽ ഇക്കൂട്ടരെ എങ്ങനെ ബോധവത്ക്കരിക്കുമെന്നറിയാതെ തലയിൽ കൈവെക്കാനേ ആരോഗ്യവകുപ്പ് അധികൃതർക്കു കഴിയുന്നുള്ളൂ. പകർച്ചവ്യാധി നിരോധന നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ മാത്രം ഇക്കൂട്ടർക്കെതിരെ പ്രയോഗിച്ചാൽ പോര തിരണ്ടി വാലിൽ എണ്ണ പുരട്ടി നല്ല പെടകൊടുക്കണമെന്ന് പറഞ്ഞു പോവുകയാണ് ചുറ്റുവട്ടത്തുള്ളവർ...