കെ.എം മാണിയുടെ ഛായാചിത്രം വരച്ച് വിദ്യാർത്ഥിനി
പാലാ: കെ.എം.മാണിയുടെ ഛായാചിത്രം ജോസ് കെ.മാണി എം.പി.യ്ക്കും കുടുംബത്തിനും സമ്മാനിച്ച് ആർപ്പൂക്കര വല്യവീട്ടിൽ കാർത്തിക ജയപ്രകാശ്. 'മാണി സാറിനുള്ള 'സ്‌നേഹ സമർപ്പണമായാണ് പെൻസിലിൽ വരച്ച ഛായാചിത്രം സമർപ്പിച്ചത്.
തൃപ്പൂണിത്തുറ ചിന്മയാ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായ കാർത്തിക ചിത്രരചന ഗുരുമുഖത്തു നിന്നു പഠിച്ചിട്ടില്ല. യുട്യൂബിൽ നോക്കിയും മറ്റുമായിരുന്നൂ ചിത്രകലാ പഠനം. കഴിഞ്ഞ 5 വർഷത്തിനിടെ നൂറോളം വ്യത്യസ്ത ചിത്രങ്ങൾ വരച്ച കാർത്തിക നൃത്ത കലാകാരി കൂടിയാണ്. അച്ഛൻ ജയപ്രകാശ്, അമ്മ അശ്വതി, സഹോദരൻ കാർത്തികേയൻ എന്നിവരുടെ പൂർണ്ണ പിന്തുണയോടെയാണ് കലാസപര്യ .
അടുത്ത ബന്ധുക്കളായ ശാന്തകുമാരി, വിജയൻ മുണ്ടയ്ക്കൽ എന്നിവരോടൊപ്പമാണ് കെ. എം. മാണിയുടെ ഛായാ ചിത്രവുമായി കാർത്തിക പാലാ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയത്. ജോസ്. കെ. മാണി എം.പി, ഭാര്യ നിഷ ജോസ്. കെ. മാണി, കെ. എം. മാണിയുടെ സഹധർമ്മിണി കുട്ടിയമ്മ എന്നിവർ ചേർന്ന് കാർത്തികയേയും കുടുംബാംഗങ്ങളെയും സ്വീകരിച്ചു. ഛായാചിത്രം കെ.എം മാണിയുടെ മ്യൂസിയത്തിൽ സ്ഥാപിക്കുമെന്ന് ജോസ്.കെ മാണി അറിയിച്ചു. കാർത്തികയ്ക്ക് ജോസ് കെ. മാണി എം.പി പ്രത്യേകം പുരസ്കാരവും നൽകി.