കുറവിലങ്ങാട് : മരങ്ങാട്ടുപിള്ളി ഗവ.ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണവും, കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർഹിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു എന്നിവർ അറിയിച്ചു. കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന വിഷൻ 2020 വികസന പദ്ധതിയിൽപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ചകോടി രൂപ ചിലവഴിച്ച് പൊതുമരാമത്ത് വകുപ്പ് രണ്ട് നിലകളിലായാണ് കെട്ടിടം പൂർത്തിയാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ അദ്ധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എം.എൽ.എ ആമുഖ പ്രസംഗവും പദ്ധതി വിശദീകരണവും നടത്തും. എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, ആൻസമ്മ സാബു, ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.