അടിമാലി: ആനച്ചാൽ ആമകണ്ടം ട്രൈബൽ സെറ്റിൽമെന്റ് റോഡിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘം സംഭവസ്ഥലം പരിശോധിച്ചു. കഴിഞ്ഞ 14 ന് ആനച്ചാൽ ആമകണ്ടം ട്രൈബൽ സെറ്റിൽമെന്റ് റോഡിന് സമീപമായിരുന്നു പുത്തൻപുരയ്ക്കൽ മോഹനന്റെ (30) മൃതദേഹം കണ്ടത്. ശരീരത്തിൽ ആയുധം ഉപയോഗിച്ച മുറിവുകൾ ഉണ്ടായിരുന്നില്ല. മരണത്തിൽ ദുരൂഹത ഉണ്ടെന്നുള്ള ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെടുന്ന മെഡിക്കൽ സംഘം സംഭവ സ്ഥലം സന്ദർശിച്ചത്. 13 ന് രാത്രി മോഹനനെ രണ്ട് യുവാക്കൾ കാറിൽ കയറ്റി കൊണ്ടുപോയതായും ആനച്ചാലിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം രണ്ടാം മൈൽ വരെ ഇവർ യാത്ര ചെയ്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഫോൺ, സി.സി.ടി.വി എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടന്നു വരുകയാണ്.