ചങ്ങനാശേരി: കൊവിഡ് 19 സമൂഹ വ്യാപനം എന്ന ആശങ്കയ്ക്കിടയിലും ചങ്ങനാശേരിക്ക് ആശ്വാസം പകർന്ന് 43 പേർ രോഗമുക്തരായി.മേഖലയിൽ കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളിലായി 188പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 152 കോവിഡ് പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ വിദേശത്ത് നിന്ന് എത്തിയതാണ്. 58 പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്ന പായിപ്പാട് പഞ്ചായത്തിൽ 20 പേർ രോഗമുക്തരായി. ഇന്നലെ 82 പേർ ആന്റിജൻ പരിശോധയ്ക്ക് വിധേയരായി. ഇതിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. വാഴപ്പള്ളി പഞ്ചായത്തിൽ ഇതുവരെ 165 പേരിൽ ആന്റിജൻ പരിശോധന നടത്തി. കുറിച്ചി പഞ്ചായത്തിൽ ഇന്നലെ നടന്ന പരിശോധനയിൽ മൂന്ന് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 20 വാർഡ് കണ്ടെയ്ൻമെന്റ് സോണായി തുടരും. മാടപ്പള്ളി പഞ്ചായത്തിൽ 209 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരായി. 38 പേർ പോസിറ്റിവായിരുന്നു. ഇതിൽ ഇന്നലെ 21 പേർ രോഗമുക്തരായി. ഇന്നലെ രണ്ടു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ചങ്ങനാശേരി മാർക്കറ്റിലും 53 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.ഇതിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു.

നിയന്ത്രണം തുടരും

നിലവിൽ മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി തുടരും. ചങ്ങനാശേരി നഗരസഭ, കുറിച്ചി പഞ്ചായത്ത്, വാഴപ്പള്ളി പഞ്ചായത്ത്, മാടപ്പള്ളി പഞ്ചായത്ത്, തൃക്കൊടിത്താനം പഞ്ചായത്ത് എന്നിവിടങ്ങളിലേ ഏതാനും വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പായിപ്പാട് പഞ്ചായത്ത് ക്ലസ്റ്ററാണ്.