വെച്ചൂർ : വൈദ്യുതി കണക്ഷൻ വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ പുത്തൻകായൽ തുരുത്തിൽ വെള്ളത്തിൽ മുങ്ങി നശിച്ചത് ഒരു ലക്ഷത്തിലധികം വാഴകൾ. വൈക്കം താലൂക്കിൽ ഏറ്റവുമധികം വാഴ കൃഷി നടത്തിയിരുന്നത് 750 ഏക്കർ വിസ്തൃതിയുള്ള പുത്തൻകായലിലായിരുന്നു. കായലിലെ ജലനിരപ്പിനേക്കാൾ താഴ്ന്ന കായൽ തുരുത്തിലെ ഫലഭൂയിഷ്ഠമായ ഭൂമിയിൽ നടുന്ന കൃഷി ഒന്നും നൂറുമേനി തരാതിരുന്നിട്ടില്ലെന്ന് കർഷകർ പറയുന്നു. ഏത്തവാഴയ്ക്ക് പുറമെ ഞാലിപ്പൂവൻ, പാളയൻകോടൻ, റോബസ്റ്റ തുടങ്ങിയ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ വെള്ളം പമ്പ് ചെയ്ത് പുറംതള്ളാൻ കഴിയാതിരുന്ന കൃഷിനിലത്തിൽ പെയ്ത്ത് വെള്ളം കൂടി കെട്ടി നിന്നതോടെ കുലച്ച് പാതി മൂപ്പെത്തിയ കുലവാഴകൾ കൂട്ടത്തോടെ നശിച്ചു. പുത്തൻകായൽ ആറാം ബ്ലോക്കിൽ കുമരകം സ്വദേശി പുത്തൻപറമ്പിൽ ഷാജി പാട്ടത്തിന് കൃഷി ചെയ്ത 6000ത്തോളം ഏത്തവാഴകളാണ് വെളളത്തിൽ മുങ്ങി നശിച്ചത്. കഴിഞ്ഞ തവണ 20 ലക്ഷത്തോളം നഷ്ടപ്പെട്ട ഷാജിക്ക് ഇക്കുറി 10 ലക്ഷം രൂപയോളം നഷ്ടം ഉണ്ടായി. വെച്ചൂർ അച്ചിനകം കിഴക്കേ കടുത്തിതറ വിജയൻ സ്വന്തമായുള്ള ഒന്നരഏക്കറിലും പാട്ടത്തിനെടുത്ത രണ്ടേക്കറിലുമായി 3000ത്തോളം ഏത്തവാഴകൾ നട്ടെങ്കിലും കൃഷി നാശമുണ്ടായതോടെ കൃഷിയ്ക്കായി എടുത്ത ബാങ്കുവായ്പ തുക തിരിച്ചടക്കാനാവാത്ത സ്ഥിതിയിലാണ്. കൃഷി നാശംതിട്ടപ്പെടുത്തി അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കാൻ കൃഷിവകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.