rummy

കോട്ടയം : മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് ജില്ലയിൽ 25 സ്ഥലത്തെ വമ്പൻ ചീട്ടുകളി. മണർകാട് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ സംഘം ഏഴിടത്ത് സമാന രീതിയിൽ ചീട്ടുകളി കളം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. പൊലീസിനു തൊടാനാവാത്ത വമ്പൻ ക്ലബുകൾ കേന്ദ്രീകരിച്ചും, മലയോര മേഖലയിൽ ഏക്കറുകൾക്കുള്ളിലുള്ള കെട്ടിടങ്ങളും വീടുകളും കേന്ദ്രീകരിച്ചുമാണ് ഇവ പ്രവർത്തിക്കുന്നത്. കഴിഞ്ഞ 11 നാണ് ക്രൗൺ ക്ലബിൽ നടത്തിയ റെയ് ഡിൽ 43 പേരിൽ നിന്നായി ചീട്ടുകളിക്കിടെ 18 ലക്ഷം രൂപ പിടിച്ചെടുത്തത്. തുടർന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്.

8 മാസം 9 റിപ്പോർട്ട്

മണർകാട് കേന്ദ്രീകരിച്ച് എട്ടു മാസം മുൻപ് ലക്ഷങ്ങൾ മറിയുന്ന ചീട്ടുകളി ക്ലബ് പ്രവർത്തനം ആരംഭിച്ചതായി 9 തവണയാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്. എന്നാൽ നടപടിയെടുക്കേണ്ട മണർകാട് പൊലീസ് രഹസ്യാന്വേഷണ റിപ്പോർട്ട് ചോർത്തി നൽകി. സ്റ്റേഷനിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയാണ് ചീട്ടുകളി നടന്നിരുന്നത്. പൊലീസിലെ ഉന്നതന് മാസം 5 ലക്ഷവും, സ്റ്റേഷനിലെ പ്രിയപ്പെട്ടവർക്ക് 3000 മുതൽ 25000 രൂപ വരെയുമാണ് ചീട്ടുകളിക്കാർ നൽകിയിരുന്നത്.

മറിയുന്നത് കോടികൾ

കോടികൾ മറിയുന്ന ചീട്ടുകളി കളങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. കോട്ടയം നഗരത്തിലെയും, പരിസര പ്രദേശങ്ങളിലെയും ക്ലബുകളും, ഹോട്ടലുകളും അടക്കം എട്ടു കേന്ദ്രങ്ങളിൽ ലക്ഷങ്ങളാണ് ദിവസവും ചീട്ടുകളി കളത്തിൽ മറിയുന്നത്. ലോക്ക് ഡൗൺ സമയത്ത് കോട്ടയം നഗര പരിധിയിലെ പ്രമുഖ ത്രീസ്റ്റാർ ഹോട്ടലിന്റെ പ്രധാന വരുമാനമാർഗം ചീട്ടുകളിയായിരുന്നു.

ഡിവൈ.എസ്.പി സംരക്ഷകൻ

ജില്ലയിലെ ചീട്ടുകളി കളങ്ങൾക്ക് പ്രമുഖ ഡിവൈ.എസ്.പിയാണ് സംരക്ഷണം ഒരുക്കുന്നത്. ഇദ്ദേഹത്തിന്റെ താമസ സ്ഥലത്ത് രാത്രിയിലും പകലുമില്ലാതെ നിരവധി വാഹനങ്ങളിൽ ചീട്ടുകളികളുമായി ബന്ധമുള്ളവർ എത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ മണർകാട് ചീട്ടുകളി കേന്ദ്രത്തിൽ റെയ്ഡിന് ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.