ppe

പി.പി.ഇ.കിറ്റുകൾ നിർമ്മിച്ച് വാഴൂരിലെ വനിതാ കൂട്ടായ്മ

പൊൻകുന്നം : കൊവിഡ് പ്രതിസന്ധിയിൽ തൊഴിലില്ലാതായപ്പോൾ തയ്യൽ തൊഴിലാളികളായ മോളമ്മയും ഷീജയും പഠിച്ച തൊഴിൽ കൊവിഡിനെതിരെ പ്രയോഗിക്കാൻ തീരുമാനിച്ചു.അങ്ങനെയാണ് ഇവർ മാസ്‌ക്ക് നിർമ്മാണം തുടങ്ങിയത്. പക്ഷേ അതുകൊണ്ടൊന്നും കൊവിഡിനോടുള്ള ഇവരുടെ പക അടങ്ങിയില്ല. ഇപ്പോൾ ഇവർ നിർമ്മിക്കുന്നത് പി.പി.ഇ കിറ്റുകളാണ്. വാഴൂരിലെ ചാമംപതാലിൽ മോളമ്മയും ഷീജയുമടക്കം 15 വീട്ടമ്മമാർ ചേർന്നാണ് തയ്യൽ യൂണിറ്റ് നടത്തുന്നത്. ആരോഗ്യപ്രവർത്തകർക്കുള്ള പി.പി.ഇ കിറ്റുകൾ കുറഞ്ഞവിലയ്ക്കാണ് ഇവർ നൽകുന്നത്. ചെറിയ പ്രസ്ഥാനമായി തുടങ്ങി നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഈ വീട്ടമ്മമാർ മഹാമാരിയോടും ജീവിതത്തോടും പോരാടുന്നത്.മൂന്നുവർഷം മുമ്പാണ് തയ്യൽ യൂണിറ്റ് ആരംഭിച്ചത്.നൈറ്റിയും കുഞ്ഞുടുപ്പുകളും നിർമ്മിച്ചായിരുന്നു തുടക്കം.പ്രതീക്ഷിച്ചതുപോലുള്ള പുരോഗതി ഉണ്ടായില്ല.അപ്പോഴാണ് പ്ലാസ്റ്റിക്ക് നിരോധനം വന്നത്.അതോടെ തുണിസഞ്ചി നിർമ്മാണം തുടങ്ങി. ലോക്ക്ഡൗൺ കാലത്ത് മുഖാവരണം നിർമ്മിച്ചു. ഇപ്പോൾ പി.പി.ഇ കിറ്റും നിർമ്മിച്ചു തുടങ്ങിയതോടെ മെച്ചപ്പെട്ട വരുമാനമായി. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ദിവസം 350 മുതൽ 400 കിറ്റുകൾ വരെ നിർമ്മിക്കും. നോൺ വൂവൺ ക്ലോത്ത്(മെഡിക്കൽ ഗ്രേഡ്)ആണ് കിറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്.ആശുപത്രികൾക്കും ആരോഗ്യസംഘടനകൾക്കും സ്വകാര്യ ഏജൻസികൾക്കുമാണ് പി.പി.ഇ കിറ്റും മുഖാവരണവും നിർമ്മിച്ചു നൽകുന്നത്. വാഴൂർ ഗ്രാമപഞ്ചായത്ത് അംഗം റംഷാദ് റഹ്മാനാണ് ഇവർക്കാവശ്യമായ സഹായങ്ങൾ ചെയ്തുനൽകുന്നത്. ഇപ്പോൾ കൂടുതൽ ഓർഡറുകൾ ലഭിച്ചുതുടങ്ങിയെന്ന് റംഷാദ് പറയുന്നു.