mazha

കോട്ടയം : താഴ്‌ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി, മലയോര മേഖലയിൽ ഉരുൾപ്പൊട്ടൽ മണ്ണിടിച്ചിൽ ഭീതി വിതച്ച് ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശക്തി പ്രാപിച്ചു. കുമരകം അടക്കം പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്ക ഭീതിയാണ്. രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ടും, ഇന്നും 6നും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും 11.5 - 20 സെന്റീമീറ്റർ വരെ അതിതീവ്ര മഴയാണ് പ്രവചിക്കുന്നത്.

മലയോര മേഖലയിൽ യാത്രാ നിയന്ത്രണം

രാത്രിയിൽ മലയോര മേഖലകളിലേയ്‌ക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയെ തുടർന്നു മണ്ണിടിച്ചിലും, ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിരോധനം.

മഴക്കുറവ് മറികടന്നു

ജൂൺ, ജൂലായ് മാസങ്ങളിൽ ജില്ലയിൽ പ്രതീക്ഷിച്ചിരുന്ന മഴ ലഭിച്ചിരുന്നില്ല. കാല വർഷം ദുർബലമായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരാഴ്‌ചയായി പെയ്യുന്ന മഴ കൊണ്ട് ഇതിനെ മറികടന്നതായാണ് ജില്ലയിലെ കണക്കുകൂട്ടലുകൾ തെളിയിക്കുന്നത്. ഇന്നലെ മാത്രം നാലു സെൻ്റീ മീറ്റർ മഴ ജില്ലയിൽ രേഖപ്പെടുത്തി. ഇതുവരെ 21 ശതമാനമായിരുന്നു മഴയിൽ കുറവുണ്ടായിരുന്നത്. എന്നാൽ, ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇപ്പോൾ പ്രതീക്ഷിച്ചതിലും രണ്ടു ശതമാനം അധികം മഴ ലഭിച്ചിട്ടുണ്ട്.

നാലുതരം ക്യാമ്പുകൾ

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. താഴ്‌ന്ന പ്രദേശങ്ങളിലും, ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളവരും അതീവ ജാഗ്രത പാലിക്കണം. ക്വാറന്റൈനിൽ കഴിയുന്നവർ, രോഗ ലക്ഷണങ്ങളുള്ളവർ, കൊവിഡ് ബാധിക്കുന്നത് മൂലം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളവർ, സാധാരണക്കാർ എന്നിങ്ങനെ നാലായി വിഭജിച്ചാണ് ക്യാമ്പുകൾ പ്രവർത്തിക്കുക.