ഈരാറ്റുപേട്ട: കാലവർഷമാണ്, മീനച്ചിലാർ നിറഞ്ഞൊഴുകുകയാണ്. ജലനിരപ്പ് ഉയരുമ്പോൾ ഒരുപറ്റം മനുഷ്യരുടെ ആശങ്കയും ഏറുകയാണ്. മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതോടെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി നാല്, അഞ്ച് വാർഡുകളിൽപ്പെട്ട മുരിക്കോലി വാഴമുറ്റം പ്രദേശങ്ങളിലെ 15 ൽപ്പരം വരുന്ന കുടുംബങ്ങൾക്ക് നരകജീവിതമാണ്. മീനച്ചിലാറിന്റെ കൈവരി തോടായ മാതാക്കൽ തോടിന് കുറകെ നിർമ്മിച്ച കലുങ്കാണ് വെള്ളപ്പൊക്കത്തിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ട് വർഷവും തോട് കരകവിഞ്ഞ് പ്രദേശവാസികളുടെ വീടുകളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശമുണ്ടായി. മൂന്ന് വർഷം മുമ്പാണ് മാതാക്കൽ തോടിന് കുറുകെ കലുങ്ക് നിർമ്മാണം പൂർത്തിയായത്. നിർമ്മാണഘട്ടത്തിൽ തന്നെ കലുങ്ക് നിർമ്മാണം അശാസ്ത്രീയമാണെന്ന് ആരോപണം ഉയർന്നിരുന്നു. പത്ത് മീറ്റർ വീതിയിലും 12 മീറ്റർ ഉയരത്തിലുമുള്ള മാതാക്കൽ തോടിന് കുറുകെ മൂന്ന് മീറ്റർ വീതിയിലും അഞ്ച് മീറ്റർ ഉയരത്തിലുമാണ് കലുങ്ക് പൂർത്തിയാക്കിയത്. ജലനിരപ്പ് ഉയരുന്നതോടെ അധികമായി എത്തുന്ന ജലം കലുങ്കിന് സമീപം കെട്ടിനിൽക്കും എന്നതാണ് നിലവിലെ അവസ്ഥ. ഇതോടെ വെള്ളം കരയിലേക്ക് ഇരച്ചുകയറും.
പൊളിച്ചുനിർമ്മിക്കണം
വീടുകളിൽ വെള്ലം കയറുന്നത് ഒഴിവാക്കാൻ കലുങ്ക് പൊളിച്ചുനിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. തോടിന്റെ അതേ വീതിയിലും ഉയരത്തിലും കലുങ്ക് നിർമ്മിച്ചാൽ തടസങ്ങളില്ലാതെ വെള്ലം ഒഴുകിപ്പോകുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.