പാലാ: അഞ്ച് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച മരങ്ങാട്ടുപിള്ളി ഗവ:ആശുപത്രിയുടെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും.വീഡിയോേ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുക. രണ്ട് നിലകളോടെ നിർമിച്ച കെട്ടിടത്തിൽ, രോഗീ വിശ്രമ കേന്ദ്രം,രജിസ്ട്രേഷൻ, രോഗീ നിരീക്ഷണ ഹാൾ, നഴ്‌സിംഗ് സ്റ്റേഷൻ, ഒ.പി റൂമുകൾ, മെഡിക്കൽ ഓഫീസർ റൂം,ഫാർമസി,ലാബ് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. 30 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും പുതിയ കെട്ടിടത്തിലുണ്ട്.
ദിവസേന ഇരുനൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ 4 ഡോക്ടർമാരും 7 നഴ്‌സുമാരും 3 പബ്‌ളിക്ക് ഹെൽത്ത് നഴ്‌സുമാരും ഉൾപ്പെടെ 29 ജീവനക്കാരുമാണുള്ളത്.രാവിലെ 9 മുതൽ 6 വരെ ഒ. പി.പരിശോധനാ സൗകര്യം ലഭ്യമാണ്.
പൊതുമരാമത്ത് കെട്ടിടവിഭാഗമാണ് നിർമ്മാണം പൂർത്തിയാക്കി കെട്ടിട സമുച്ചയം അരോഗ്യ വകുപ്പിന് കൈമാറുന്നത്.
കെ.എം.മാണി ധനകാര്യ മന്ത്രിയായിരിക്കെയാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. എം.പിമാരായ ജോസ്.കെ. മാണി, തോമസ് ചാഴിക്കാടൻ, മോൻസ് ജോസഫ് എം.എൽ.എ, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.