വെച്ചൂർ:വെച്ചൂർ പുത്തൻകായൽ തുരുത്തിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതോടെ പമ്പിംഗ് പുനരാരംഭിച്ചു. വെള്ളം പമ്പ് ചെയ്തു തുടങ്ങിയതോടെ 400 ലധികം കർഷകരുടെയും വീടിനുള്ളിൽ വെള്ളം കയറിയ 15 ലധികം നിർദ്ധന കുടുംബങ്ങളും ദുരിതമാണ് ഒഴിയുന്നത്.

ആർപ്പൂക്കര,വെച്ചൂർ ഭാഗങ്ങളിലായി ഏഴു ബ്ലോക്കുകളിലായി പുത്തൻകായൽ തുരുത്തിൽ 750 ഏക്കറോളം കൃഷി നിലമാണുള്ളത്. വൈദ്യുതി ചാർജ് കുടിശിഖയെ തുടർന്ന് 2019 ഡിസംബറിലാണ് ഇവിടുത്തെ വൈദ്യുതികണക്ഷൻ അധികൃതർ വിച്ഛേദിച്ചത്. കർഷകരുടേയും കർഷക കൂട്ടായ്മയായ കൈപ്പുഴ പുത്തൻകായൽ സൊസൈറ്റിയുടേയും പരാതിയെ തുടർന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ, വൈദ്യുതി മന്ത്രി എം.എം.മണി തുടങ്ങിയവർ ഇടപെട്ടതോടെയാണ് പ്രതിസന്ധി മറികടന്ന് പമ്പിംഗ് പുനരാരംഭിക്കാൻ കഴിഞ്ഞത്. നാലു കോടിയോളം വരുന്ന വൈദ്യുതി കുടിശിക സർക്കാർ വൈദ്യുതി വകുപ്പിന് നൽകാനും ധാരണമായി. എം.എൽ.എമാരായ സി.കെ ആശ, കെ.സുരേഷ് കുറുപ്പ് ,ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ സലോമി തോമസ് ,വൈക്കം കൃഷി അസി.ഡയറക്ടർ പി.പി ശോഭ,കർഷക സംഘം പ്രസിഡന്റ് ടി.എൻ.പീതാംബരൻ, സെക്രട്ടറി കെ.ബി. പുഷ്‌കരൻ ,സംഘം കമ്മറ്റി അംഗങ്ങളായ പള്ളിവാതുക്കൽ ആനിയമ്മ ഫിലിപ്പ്, കേശവൻ പുത്തൻകായൽ, മുരളീധരൻ എട്ടൊന്നിൽ തുടങ്ങിയവരുടെ പ്രവർത്തനങ്ങളുടെ പ്രതിസന്ധി ഒഴിവാക്കാൻ സഹായകരമായി.

ദുരിതങ്ങളുടെ നടുവിൽ

കായലിലെ ജലനിരപ്പിനും രണ്ടു മീറ്റർ താഴെയാണ് കായൽ തുരുത്ത്. നൂറുകണക്കിനു തൊഴിലാളികളുടേയും കർഷകരുടേയും വർഷങ്ങൾ നീണ്ടപ്രയത്‌നനഫലമായി രൂപപ്പെടുത്തിയതാണ് കായൽ തുരുത്ത്.രാപകൽ കൃഷിയിടത്തിലെ വെള്ളം പമ്പു ചെയ്ത് പുറന്തള്ളിയാണ് കർഷകർ കൃഷി സംരക്ഷിച്ചിരുന്നത്.പല തവണ വൈദ്യുതി വിച്ഛദിക്കപ്പെട്ടതിനെ തുടർന്ന് കൃഷിയിടം വെള്ളത്തിൽ മുങ്ങി കർഷകർക്ക് പലപ്പോഴായി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. തെങ്ങിനും വാഴയ്ക്കും പുറമെ കപ്പ, പച്ചക്കറി, ചേന, ചേമ്പ്, കാച്ചിൽ, ജാതി, കെക്കോ, മൽസ്യംതുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്.2000ത്തോളം തൊഴിലാളികളാണ് തുരുത്തിലെ പണികളിലേർപ്പെട്ട് ഉപജീവനം കഴിഞ്ഞിരുന്നത്.

പുത്തൻകായൽ തുരുത്ത്

കൃഷി നിലം: 750 ഏക്കർ

കർഷകർ: 400

തൊഴിലാളികൾ: 2000