പൊൻകുന്നം : ഇന്ന് പിള്ളേരോണം ആഘോഷിക്കുമ്പോൾ വലിയ ഓണത്തിനായുള്ള ഒരുക്കത്തിലാണ് വിവിധ ഗ്രാമ കൂട്ടായ്മകൾ. അംഗങ്ങൾക്കും നാട്ടിലെ മറ്റുള്ളവർക്കും ഓണത്തിനാവശ്യമായ പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റുകൾ തയ്യാറാക്കുന്ന തിരക്കിൽ. കഴിഞ്ഞ ഓണം മുതൽ മാാസത്തവണകളായി തുക നൽകിയവർക്കാണ് ഓണക്കിറ്റ് നൽകുന്നത്. ഭൂരിഭാഗം സംഘങ്ങളും 50 ആഴ്ചത്തവണകളായി തുക പിരിക്കുകയായിരുന്നു. ഇങ്ങനെ ഓണഫണ്ടിൽ ചേർന്നവർക്ക് അയ്യായിരം മുതൽ ആറായിരം രൂപവരെ വിലവരുന്ന ഗുണമേന്മയുള്ള സാധനങ്ങളാണ് ഇവർ പായ്ക്ക് ചെയ്ത് എത്തിക്കുന്നത്. മൊത്തവിലയ്ക്ക് വാങ്ങുന്നതിനാൽ ആൾക്കാർക്ക് വിലക്കുറവിൽ ലഭ്യമാക്കാനാകുന്നുണ്ടെന്ന് ഭാരവാഹികൾ പറയുന്നു. തോണിപ്പാറ ഗ്രാമക്കൂട്ടായ്മ ഓണക്കിറ്റ് നൽകുന്നത് കൂടാതെ പരിച്ച തുകയുടെ വിഹിതത്തിൽ നിന്ന് 1500 രൂപ തുകയായി നൽകുന്നുമുണ്ടെന്ന് പ്രസിഡന്റ് കെ.കെ.സുരേഷ്‌കുമാർ, സെക്രട്ടറി എം.എസ്.സാനു എന്നിവർ പറഞ്ഞു.