panmkutty-kaithary

പനംകുട്ടികൈത്തറി നെയ്ത്ത് സംഘത്തിലെ തൊഴിലാളികൾ ദുരിതത്തിൽ

അടിമാലി: ദുരിതമാത്രം നെയ്യാൻ വിധിക്കപ്പെട്ട് ഇവിടെ കുറേ തൊഴിലാളികൾ
പനംകുട്ടിയിൽ പ്രവർത്തിക്കുന്ന കൈത്തറി നെയ്ത്ത് സംഘത്തിലെ തൊഴിലാളികൾക്കാണ് ജോലിയുണ്ടെങ്കിലും കൂലി ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിരിക്കുന്നത്. കൊവിഡ് കാലത്തിന് മുമ്പേ ഇവിടെ നെയ്ത്ത്കാരായ പാവങ്ങൾക്ക് ശമ്പളം മുടങ്ങിയിരുന്നു. 50 വർഷത്തോളം പരാമ്പര്യമുള്ള സ്ഥാപനത്തിൽ എട്ടു മാസത്തോളമായി ശമ്പളം നൽകുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. അൻപതോളം തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ട്. ഇതിൽ യൂണിഫോമുകൾമാത്രം നെയ്യുന്ന 30തോളം തൊഴിലാളികളുമുണ്ട്. സ്ഥാപനത്തിലെതന്നെ പല നെയ്ത്ത് ജോലികളും ചെയ്യുന്നവരാണിവർ. സാധാരണ ഇവരുടെ ചെയ്യുന്ന ജോലിക്കനുസരിച്ചാണ് ശമ്പളം നൽകിയിരുന്നത്. നെയ്യുന്ന വസ്ത്രങ്ങളും മറ്റ് തുണിത്തരങ്ങളും വിവിധ സർക്കാർ കമ്പിനകളാണ് ഏറ്റെടുത്തിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ അഞ്ച്മാസമായി ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം നോക്കുന്നതിനുപോലും ഉദ്യോഗസ്ഥർ എത്തുന്നില്ലെന്നാണ് പരാതി. കൂടാതെ സർക്കാർ പ്രഖ്യാപിച്ചിരുന്ന പല ആനുകൂല്യങ്ങളും രണ്ടര വർഷത്തോളമായി ഇവർക്ക് ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.ശമ്പളം മുടങ്ങിയതോടെ പലരുടെയും ഉപജീവനമാർഗങ്ങളും അനിശ്ചിതത്വത്തിലാണ്. സർക്കാർ സംവിധാനങ്ങൾ സഹകരണമേഖലയ്ക്ക് മികച്ച പിന്തുണ നൽകുമ്പോഴും ഇവിടെ തൊഴിലാളികളുടെ ജീവിതം ദുരിതത്തിൽതന്നെയാണ്. അടിയന്തരമായി പ്രശ്‌നത്തിൽ സർക്കാർ ഇടപെടണമെന്നുമാണ് തൊഴിലാളികൾ അഭിപ്രായപ്പെടുന്നത്.