കോട്ടയം: കനത്ത മഴയിൽ അയ്മനം, കുമരകം പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷം.
കുമരകം മങ്ങാട്ട് പുത്തൻകരി പാടശേഖരത്തിലെ 280 ഏക്കറിലെ നെൽക്കർഷകരാണ് ഇപ്പോൾ ദുരിതം അനുഭവിക്കുന്നത്. പടിഞ്ഞാറൻ മേഖലയിലെ വിരുപ്പ് കൃഷി കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ നാശത്തിന്റെ അവസ്ഥയിലാണ്.
പാടശേഖരത്ത് വെള്ളം നിറഞ്ഞു കിടക്കുന്നത് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്തു കളയുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ, കൃത്യമായി വൈദ്യുതി ലഭിക്കാത്തതിനാൽ പമ്പിംഗ് ഇപ്പോൾ നടക്കുന്നില്ല. ഇതിനാൽ പാടശേഖരത്ത് ഇപ്പോഴും വെള്ളം കെട്ടികിടക്കുകയാണ്. 25 ദിവസം കഴിഞ്ഞ നെൽ ചെടികളാണ് പൂർണമായും വെള്ളത്തിനടിയിലായിരിക്കുന്നത്. തുടർച്ചയായി പമ്പ് ചെയ്തു വെള്ളം പുറത്തു കളഞ്ഞെങ്കിൽ മാത്രമേ താത്കാലികമായെങ്കിലും കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കൂ. അയ്മനം കൃഷിഭവന്റെ കീഴിലുള്ള എകദേശം 4000 ഏക്കറിലെ നെൽകൃഷിയും സമാനരീതിയിൽ തന്നെയാണ്. പഞ്ചായത്തും,വൈദ്യുതിവകുപ്പും,കൃഷി ഭവനും കർഷകർക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കണമെന്ന് മങ്ങാട്ട് പുത്തൻകരി പാടശേഖരസമിതി പ്രസിഡൻ്റ് ടോമോൻ ജോസ് കള്ളപുരക്കൽ പറഞ്ഞു.