മണിമല: കറിക്കാട്ടൂർ ആഞ്ഞിലിമൂട്ടിൽ കാട്ടുപാലത്ത് മനോജിന്റെ ടയർകടയിൽ ഇപ്പോൾ ടയറു മാറാനോ, പഞ്ചറൊട്ടിക്കാനോ ഒന്നുമല്ല ആളുകൾ എത്തുന്നത്. കടയ്ക്കു മുന്നിൽ നിരത്തി വച്ചിരിക്കുന്ന ആമ്പൽക്കുളവും ചെടിച്ചട്ടിയുമൊക്കെ വാങ്ങാനാണ്. അതും പഴയ ടയറുകൾ കൊണ്ട് ഉണ്ടാക്കിയത്. ലോക്ക് ഡൗൺ കാലത്ത് പാഴ്ടയറുകളിലെ നിർമിതി ഇപ്പോൾ മനോജിന്റെ ജീവിതമാർഗം കൂടിയാണ്.
പുനലൂർ-മൂവാറ്റുപുഴ ഹൈവേയ്ക്കരികിൽ ഒരുവർഷത്തിലേറെയായി ടയർകടയും മറ്റും നടത്തുകയാണ് മനോജ്. ജീവിതം പച്ചപിടിച്ച് വരുന്നതിനിടെയാണ് കൊവിഡും ലോക്ക്ഡൗണുമെത്തിയത്. പേരിന് പോലും വാഹനങ്ങൾ എത്താതായതോടെ ജീവിതം കൈവിട്ടുപോകുമെന്ന അവസ്ഥ. അപ്പോഴാണ് വഴിയരികിലെ ചെടിച്ചട്ടിക്കടയിലും മറ്റും പാഴ് ടയറുകൾ കൊണ്ടുണ്ടാക്കി വച്ചിരിക്കുന്ന ആമ്പൽകുളവും ചെടിച്ചട്ടിയുമൊക്കെ ഒാർമ്മ വന്നത്. എന്തുകൊണ്ട് തനിക്കും അതു നിർമ്മിച്ചു കൂടെന്ന ചിന്തയിൽ നിന്നാണ് മനോജ് ഈ വഴിയ്ക്ക് തിരിഞ്ഞത്.
ടയർതിരിച്ചിട്ട് വെട്ടിയെടുക്കുകയാണ് ഇതിന്റെ ആദ്യ പടി. പിന്നെ അടിഭാഗം ഷീറ്റ്മാറ്റ് ചേർത്ത് ഒട്ടിക്കും. പുറമേ പെയിന്റടിച്ച് ഉണക്കിയെടുക്കും. ഇതിനോടകം 150ലേറെ ചെടിച്ചെട്ടികൾ നിർമിച്ചു വിറ്റു.
ചെറുവാഹനങ്ങളുടെ ടയറുകൾക്കൊണ്ടാണ് ചെടിച്ചട്ടി നിർമാണം. വാനും ടെമ്പോയും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ടയറുകളാണ് ആമ്പൽക്കുളത്തിന് ഉപയോഗിക്കുന്നത്. ആദ്യം നിർമിച്ചവ കടയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചതോടെ ആവശ്യക്കാരെത്തി. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ചെടിനടാനും മീൻവളർത്താനുമൊക്കെ ആളുകൾ തീരുമാനിച്ചത് മനോജിന് ഗുണമായി.
മുൻപ് പാഴ് ടയറുകൾ കത്തിച്ചുകളയുകയായിരുന്നു. ഇപ്പോൾ രൂപമാറ്റം വരുത്തുന്നതിനാൽ അന്തരീക്ഷ മലിനീകരണവും ഒഴിവാകുന്നു. ഗുജറാത്തിൽ വർക്ക് ഷോപ്പിലായിരുന്നു ജോലി. അതിനിടെ ഭൂകമ്പത്തിൽ തിരികെ കിട്ടിയ ജീവനുമായി നാട്ടിലെത്തി പലതൊഴിലും ചെയ്തു. അവസാന ശ്രമമെന്ന നിലയ്ക്കാണ് ടയർ കട തുടങ്ങിയത്.