tree

കോട്ടയം: ശാസ്ത്രി റോഡ് വീതികൂട്ടി ഓടയും നടപ്പാതയും നിർമിക്കുന്നതിന്റെ മുന്നോടിയായി ശീമാട്ടി റൗണ്ടാന മുതൽ ലോഗോസ് സെന്റർ വരെയുള്ള ഭാഗത്തെ 34 മരങ്ങൾ വെട്ടാൻ അനുവാദം തേടി പൊതുമരാമത്തു വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ സോഷ്യൽ ഫോറസ്റ്ററി എ‌.സി.എഫിന് കത്തു നൽകി.

14 മഴമരം, മൂന്ന് മഹാഗണി, എട്ട് പാഴ് മരം, രണ്ട് പാല മരം, മൂന്ന് വാക, ഓരോ നാഗമരം, വട്ടമരം, അരണമരം, അത്തി മരം എന്നിവ വെട്ടുന്നതിന് കണക്കെടുപ്പു തുടങ്ങി. പതിവുപോലെ ഇതിനെതിരെ പരിസ്ഥിതി പ്രേമികളും രംഗത്തെത്തി.

കോട്ടയത്തെ ഏറ്റവും വീതി കൂടിയ റോഡാണ് 52 വർഷം മുമ്പ് നിർമിച്ച സെവന്റി ഫീറ്റ് റോഡ് എന്ന ശാസ്ത്രിറോഡ് . ഈ റോഡ് കഥാപാത്രമാക്കി കോട്ടയം പുഷ്പനാഥ് 'പാരലൽ റോഡെ'ന്ന ഡിറ്റക്ടീവ് നോവലും രചിച്ചിരുന്നു .

പകരം മരം വയ്ക്കും: തിരുവഞ്ചൂർ

കെ.കെ.റോഡിന് സമാന്തരമായി കഞ്ഞിക്കുഴി വരെയുള്ള നാലുവരി റോഡായാണ് വിഭാവനം ചെയ്യുന്നത് . ശീമാട്ടി റൗണ്ടാനയിൽ തുടങ്ങി ലോഗോസ് കവല വഴി കളക്ടേറ്റിന് മുന്നിലൂടെ കഞ്ഞിക്കുഴിയിൽ എത്തും. നാലുവരി പാതയുടെ നടുവിലെ രണ്ട് റോഡിലൂടെ ഗതാഗതവും ഇരു വശങ്ങളിലെ സർവീസ് റോഡ് ഷോപ്പിംഗ് ആവശ്യത്തിനും ഉപയോഗിച്ച് ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ലക്ഷ്യം . സെൻട്രൽ കവല മുതൽ കളക്ടറേറ്റ് വരെ വീതി കൂട്ടാൻ ബുദ്ധിമുട്ടായതിനാൽ ശീമാട്ടി റൗണ്ടാന മുതൽ കഞ്ഞിക്കുഴി വരെയുള്ള നാലുവരി പാത നഗരത്തിലെ പ്രധാന റോഡാകും. ടെണ്ടർ നടപടികളിലേക്ക് നീങ്ങുകയാണ്.

ശാസ്ത്രി റോഡിൽ ഇരുവശവും പാഴ് മരങ്ങളാണുള്ളത് . കാറ്റടിച്ചാൽ നിലം പൊത്തുന്ന ഇവ പലപ്പോഴും അപകടത്തിനും ഗതാഗത കുരുക്കിനും വഴിയൊരുക്കുന്നുണ്ട്. ഇത് വെട്ടി മാറ്റുന്നതിന്റെ പേരിൽ പരിസ്ഥിതി വാദികൾ പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ല. ഒരു പാഴ് മരത്തിന് പകരം പത്തു ഫലവൃക്ഷം പുതുതായി വച്ചു പിടിപ്പിക്കും.

മരം വെട്ടരുത് : നേച്ചർ സൊസൈറ്റി

ശാസ്ത്രി റോഡിലെ മുഴുവൻ മരങ്ങളും വെട്ടി മാറ്റാതെ നാലു വരി പാത തീർക്കണമെന്ന് കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റ് ഡോ. ബി.ശ്രീകുമാർ, വൃക്ഷ വൈദ്യൻ കെ.ബിനു എന്നിവർ ആവശ്യപ്പെട്ടു. ഫുട്പാത്തിനും ഓടയ്ക്കും ഇടയിൽ ഇവ നിറുത്താൻ കഴിയും. നഗരമദ്ധ്യത്തിൽ ഇത്രയും തണൽ മരങ്ങളുള്ള മറ്റൊരു റോഡില്ലെന്നാണ് ഇവരുടെ അവകാശവാദം.